വിവാദ എഐ ഉള്ളടക്കങ്ങള്‍ മൂന്ന് മണിക്കൂറിനുള്ളില്‍ മാറ്റണം; നിയമം ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) ഉപയോഗിച്ച് നിര്‍മിച്ച വ്യാജരേഖകള്‍, ഡീപ് ഫേക്ക് വീഡിയോകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉള്ളടക്കങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പരാതി ലഭിച്ചാലോ കോടതികള്‍ നിര്‍ദ്ദേശിച്ചാലോ അത്തരം ഉള്ളടക്കങ്ങള്‍ മൂന്ന് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി.
നേരത്തെ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ 36 മണിക്കൂര്‍ സമയമാണ് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ഇത് മൂന്ന് മണിക്കൂറായി കുറച്ചു. ഫെബ്രുവരി 20 മുതല്‍ ഈ നിയമം നിലവില്‍ വരും. തെരഞ്ഞെടുപ്പ് അട്ടിമറികള്‍, വ്യക്തിഹത്യ, വര്‍ഗീയ സംഘര്‍ഷങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന ഡീപ് ഫേക്ക് വീഡിയോകള്‍ക്കും എഐ ഉപയോഗിച്ചുള്ള വ്യാജ വിവരങ്ങള്‍ക്കും തടയിടുകയാണ് ലക്ഷ്യം.
എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതോ മാറ്റം വരുത്തിയതോ ആയ ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍ എന്നിവയില്‍ 'എഐ ജനറേറ്റഡ്' എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും.
നിയമവിരുദ്ധമായ എഐ ഉള്ളടക്കങ്ങള്‍, ലൈംഗിക വൈകൃതങ്ങള്‍ ചിത്രീകരിക്കുന്ന വീഡിയോകള്‍, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നിവ തനിയെ കണ്ടെത്തി നീക്കം ചെയ്യാന്‍ പ്രത്യേക സോഫ്റ്റ്വെയര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.