ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യ; യുഎസില്‍ നിന്നുള്ള മദ്യത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു

Update: 2025-02-15 03:59 GMT

ന്യൂഡല്‍ഹി: ഡോണള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി യുഎസില്‍ നിന്നുള്ള ബെര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ 50 ശതമാനം കുറച്ചു. ഈഥൈല്‍ ആല്‍ക്കഹോള്‍ 80 ശതമാനമുള്ള മദ്യങ്ങളുടെ നികുതിയും 150ല്‍ നിന്ന് 100 ശതമാനമായി കുറച്ചു. യുഎസില്‍ നിന്നുള്ള പലതരം വൈനുകളെയും നികുതി കുറച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം മാത്രം 8,660 കോടി രൂപയുടെ മദ്യമാണ് യുഎസില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്.

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമിതമായി ഇറക്കുമതി തീരുവ ഈടാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ടെന്ന് ട്രംപ് നേരത്തെ വിമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ നികുതി ഈടാക്കുന്നത് യുഎസ് കമ്പനികളുടെ മല്‍സരക്ഷമതയെ ബാധിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. വിദേശ നിര്‍മിത ഹൈ എന്‍ഡ് ബൈക്കുകളുടെ ഇറക്കുമതി തീരുവ ഫെബ്രുവരി ആദ്യം അവതരിപ്പിച്ച ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഈ കുറവ് പോരെന്നാണ് യുഎസിന്റെ നിലപാട്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യ അമിത നികുതി ഈടാക്കുന്നുവെന്നാണ് ട്രംപ് പറയുന്നത്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷവും ട്രംപ് ആവര്‍ത്തിച്ചിരുന്നു.

നേരത്തെ ആസ്‌ത്രേലിയയില്‍ നിന്നുള്ള വൈനിന്റെ ഇറക്കുമതി തീരുവ ഇന്ത്യ കുറച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യകരാറിന്റെ ഭാഗമായിട്ടായിരുന്നു നടപടി. സ്‌കോച്ച് വിസ്‌കിയുടെ നികുതി കുറക്കണമെന്ന് യുകെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.