സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ സോഴ്‌സ് കോഡ് പങ്കിടണമെന്ന് കേന്ദ്രസര്‍ക്കാര്‍

Update: 2026-01-11 12:08 GMT

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ സോഴ്‌സ് കോഡ് പങ്കിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതായി റിപോര്‍ട്ട്. യുഎസ് മാധ്യമമായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ ശുപാര്‍ശയെ ആപ്പിള്‍, സാംസങ് പോലുള്ള കമ്പനികള്‍ എതിര്‍ക്കുന്നതായും റിപോര്‍ട്ട് പറയുന്നു. മൊത്തം 83 തരം മാറ്റങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇത് പാലിക്കുന്നത് തങ്ങളുടെ രഹസ്യങ്ങള്‍ ചോരാന്‍ കാരണമാവുമെന്ന് കമ്പനികള്‍ ആശങ്കപ്പെടുന്നു. കൂടാതെ ലോകത്ത് ഒരിടത്തും സമാനമായ നിര്‍ദേശങ്ങളില്ല. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുടെ ആശങ്കകള്‍ തുറന്ന മനസോടെ കേള്‍ക്കുമെന്ന് ഐടി സെക്രട്ടറി എസ് കൃഷ്ണന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. മൊബൈല്‍ഫോണിന്റെ പ്രവര്‍ത്തന വിവരങ്ങള്‍ ഒരു വര്‍ഷം ഫോണില്‍ തന്നെ സൂക്ഷിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഈ വിവരങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ട സ്ഥലം ഫോണിലുണ്ടാവില്ലെന്നാണ് കമ്പനികള്‍ പറയുന്നത്.

മൊബൈല്‍ഫോണുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കുറച്ചുകാലമായി ശ്രമിക്കുന്നുണ്ട്. എല്ലാ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു. മൊബൈല്‍ഫോണ്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന ബ്ലൂപ്രിന്റാണ് സോഴ്‌സ്‌കോഡ്. 2014ലും 2016ലും ആപ്പിള്‍ കമ്പനിയോട് ചൈനീസ് സര്‍ക്കാര്‍ ഇക്കാര്യം ചോദിച്ചിരുന്നു. പക്ഷേ, നല്‍കിയില്ല. യുഎസ് കോടതികളും ആപ്പിളിനോട് ഈ വിവരം ചോദിച്ചെങ്കിലും നല്‍കിയില്ല.