ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തല്‍

Update: 2025-05-10 12:51 GMT

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. വിദേശകാര്യ സെകക്രട്ടറി വിക്രം മിശ്രിയാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്റെ ഡയറക്ടറേഴ്‌സ് ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍ (ഡിജിഎംഒ) ഇന്ത്യയുടെ ഡിജിഎംഒയുമായി ഇന്ന് ഉച്ചയ്ക്ക് ശേഷം 3.35ന് സംസാരിച്ചെന്നും വെടിനിര്‍ത്തലിന് ധാരണയായെന്നും വിക്രം മിശ്രി പറഞ്ഞു.

കരയിലും വായുവിലും കടലിലും വെടിനിര്‍ത്തലിന് ധാരണയായി. ഉന്ന് ഉച്ചയ്ക്ക് ശേഷം അഞ്ചു മുതലാണ് വെടിനിര്‍ത്തലിന് ധാരണയായത്. ഇരു ഡിജിഎംഒമാരും മേയ് 12ന് ഉച്ചയ്ക്ക് 12ന് വീണ്ടും ചര്‍ച്ച നടത്തും.

ഇന്ത്യയും പാകിസ്താനും ഉടനടി വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.


 രാത്രി മുഴുവന്‍ നീണ്ട കൂടിയാലോചനകളെത്തുടര്‍ന്നാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞു. ഇതുസംബന്ധിച്ച് സമൂഹമാധ്യമമായ ട്രൂത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പ് ട്രംപ് എക്‌സിലും പങ്കുവച്ചു. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാക്കിസ്താനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.