നിമിഷ പ്രിയ കേസ്: ചില രാജ്യങ്ങളുമായി ബന്ധപ്പെടുന്നു: വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചില രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ''ഇതൊരു സെന്‍സിറ്റീവ് വിഷയമാണ്. ഇന്ത്യാ ഗവണ്‍മെന്റ് സാധ്യമായ എല്ലാ സഹായവും നല്‍കിവരുന്നു. കുടുംബത്തെ സഹായിക്കാന്‍ ഞങ്ങള്‍ നിയമസഹായം നല്‍കുകയും ഒരു അഭിഭാഷകനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്നതിന് ഞങ്ങള്‍ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് സമയം നല്‍കാനാണ് അത് ചെയ്തത്. ജൂലൈ 16ന് നിശ്ചയിച്ചിരുന്ന വധശിക്ഷ യെമന്‍ സര്‍ക്കാര്‍ മാറ്റിവച്ചു. വിഷയത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ പങ്കിനെക്കുറിച്ച് പറയാന്‍ വേണ്ട വിവരങ്ങള്‍ എന്റെ കൈയ്യിലില്ല.''- വിദേശകാര്യ വക്താവ് രണ്‍ദീപ് ജയ്‌സ്വാള്‍ പറഞ്ഞു.