വഖ്ഫ് നിയമഭേദഗതിക്കെതിരായ പ്രതിഷേധം എക്‌സില്‍ ട്രെന്‍ഡ് ചെയ്യുന്നു; 35,000ല്‍ അധികം പോസ്റ്റുകള്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പ് ഫലത്തിന്റെ കോലാഹലങ്ങള്‍ക്കിടയിലും വഖ്ഫ് നിയമഭേദഗതി ബില്ലിനെതിരായ പ്രതിഷേധം സാമൂഹികമാധ്യമമായ എക്‌സില്‍ അലയടിച്ചു. ''വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്'' എന്ന പ്രമേയത്തില്‍ ഫെബ്രുവരി എട്ടുമുതല്‍ 25 വരെ എസ്ഡിപിഐ സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായാണ് എക്‌സില്‍ പ്രതിഷേധം അലയടിച്ചത്. 35,000ത്തില്‍ അധികം പോസ്റ്റുകളാണ് #IndiaAgainstWaqf-Bill എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
വഖ്ഫ് ഭേദഗതി ബില്ലിലൂടെ വഖ്ഫ് സ്വത്തുക്കള്‍ വിഴുങ്ങാന്‍ ഭരണകൂടം പരമാവധി ശ്രമിക്കുമ്പോള്‍ രാജ്യത്തെ മുസ്‌ലിം സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന വളരെ ഗുരുതരമായ സാഹചര്യം ഉണ്ടായിരിക്കുന്നുവെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍ പ്രസ്താവനയില്‍ പറഞ്ഞു. വഖ്ഫ് രജിസ്‌ട്രേഷന്‍, വഖ്ഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്തല്‍, വഖ്ഫ് ട്രിബ്യൂണല്‍ റദ്ദാക്കല്‍, വഖ്ഫ് വിഷയങ്ങളില്‍ ജില്ലാ കലക്ടറെ ജുഡീഷ്യറിയായി അധികാരപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ദുഷ്ടലാക്കോടെയാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതിനാല്‍ 2025 ഫെബ്രുവരി 8 മുതല്‍ ഫെബ്രുവരി 25 വരെ 'വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷക്ക് എന്ന പേരില്‍ രാജ്യമൊട്ടകെ വമ്പിച്ച പ്രതിഷേധങ്ങള്‍ നടത്താന്‍ എസ്ഡിപിഐ തീരുമാനിച്ചു. ഈ വിഷയത്തില്‍ പ്രതിഷേധങ്ങള്‍, ബോധവല്‍ക്കരണ കാംപയിനുകള്‍, നിയമ നടപടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തും. വിവിധ സംസ്ഥാനങ്ങളില്‍ വമ്പിച്ച പ്രതിഷേധങ്ങള്‍ നടത്തും. ഭരണകൂടത്തിന്റെ ഭരണഘടനാ വിരുദ്ധമായ ഫാഷിസ്റ്റ് ഗൂഢാലോചനകള്‍ക്കെതിരായ ഈ പോരാട്ടത്തില്‍ പങ്കെടുക്കാനും പ്രതിഷേധങ്ങളില്‍ പങ്കാളികളാകാനും എസ്ഡിപിഐ എല്ലാ പൗരന്മാരെയും ക്ഷണിക്കുന്നു.
