''ന്യൂയോര്‍ക്കിന്റെ ഭാവി അധ്വാനിക്കുന്ന ജനതയുടെ കൈകളില്‍; ഇസ്‌ലാമോഫോബിയയെ രാഷ്ട്രീയ ആയുധമാക്കുന്ന കാലം കഴിഞ്ഞു''-മംദാനി

Update: 2025-11-05 05:16 GMT

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിന്റെ ഭാവി അധ്വാനിക്കുന്ന ജനങ്ങളുടെ കൈയ്യിലാണെന്ന് മേയര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച സൊഹ്‌റാന്‍ മംദാനി. തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. '' അധികാരം തങ്ങളുടെ കൈകളില്‍ ഇല്ലെന്നാണ് ന്യൂയോര്‍ക്കിലെ സമ്പന്നരും ഉന്നതരും എന്നും പറഞ്ഞത്. ഗോഡൗണുകളില്‍ പെട്ടികള്‍ പൊക്കി വിരലുകള്‍ ചതഞ്ഞവര്‍ക്കും ഡെലിവറി ബൈക്കിന്റെ ഹാന്‍ഡിലില്‍ കൈപ്പത്തികള്‍ ചതഞ്ഞവര്‍ക്കും അടുക്കളകളില്‍ വിരലുകള്‍ പൊള്ളിയവര്‍ക്കും മുറിഞ്ഞവര്‍ക്കും അധികാരം നല്‍കിയതുമില്ല. എന്നിട്ടും അധ്വാനിക്കുന്നവര്‍ അധികാരത്തിനായി കൈനീട്ടി. ഇന്ന് രാത്രി എല്ലാ സാധ്യതകള്‍ക്കും എതിരായി അത് ലഭിച്ചു.''-മംദാനി പറഞ്ഞു.

''മികച്ച സ്ഥാനാര്‍ത്ഥിയുടെ പദവി എനിക്കുണ്ടായിരുന്നില്ല. ഞാന്‍ ചെറുപ്പമായിരുന്നു, വയസാവാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും. ഞാന്‍ മുസ്‌ലിമാണ്, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റാണ്. അതിലൊന്നും ഞാന്‍ പശ്ചാത്തപിച്ചില്ലെന്നതാണ് ഏറ്റവും പ്രധാനം.''-മംദാനി പറഞ്ഞു.

ന്യൂയോര്‍ക്ക് നഗരത്തിന്റെ വൈവിധ്യം ശക്തിപ്പെടുത്തുമെന്നും മംദാനി പ്രഖ്യാപിച്ചു. ''നിങ്ങള്‍ ഒരു കുടിയേറ്റക്കാരനായാലും ഡോണള്‍ഡ് ട്രംപ് ഫെഡറല്‍ ജോലിയില്‍ നിന്ന് പുറത്താക്കിയ നിരവധി കറുത്ത സ്ത്രീകളില്‍ ഒരാളായാലും പലചരക്ക് സാധനങ്ങളുടെ വില കുറയാന്‍ കാത്തിരിക്കുന്ന അമ്മയായാലും അല്ലെങ്കില്‍ മതിലിന് നേരെ പുറംതിരിഞ്ഞു നില്‍ക്കുന്ന മറ്റാരായാലും നിങ്ങളുടെ പോരാട്ടം ഞങ്ങളുടേതും ആണ്.''- അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്കിലെ ജൂതന്മാരോടൊപ്പം ഉറച്ചുനില്‍ക്കുകയും യഹൂദവിരുദ്ധതയുടെ വിപത്തിനെതിരായ പോരാട്ടത്തില്‍ പതറാതിരിക്കുകയും ചെയ്യുന്ന ന്യൂയോര്‍ക്ക് ഞങ്ങള്‍ നിര്‍മ്മിക്കും. ന്യൂയോര്‍ക്കിലെ പത്തുലക്ഷത്തില്‍ അധികം വരുന്ന മുസ്‌ലിംകളും അതിലുണ്ടാവും. ഇസ്ലാമോഫോബിയയില്‍ വ്യാപാരം നടത്താനും തിരഞ്ഞെടുപ്പില്‍ വിജയിക്കാനും കഴിയുന്ന ഒരു നഗരമായി ന്യൂയോര്‍ക്ക് ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

തന്റെ എതിരാളിയായ ആന്‍ഡ്രു കുവാമോയുടെ പരാജയം കുടുംബവാഴ്ചയുടെ പരാജയമാണെന്നും മംദാനി പറഞ്ഞു. ഒരു ഗവര്‍ണറുടെ മകനായ ആന്‍ഡ്രു മൂന്നു തവണ ന്യൂയോര്‍ക്ക് ഗവര്‍ണറുമായിരുന്നു.