സൊഹ്റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം: പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കില്ലെന്ന് സിബിഐ
മുംബൈ: ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കില്ലെന്ന് സിബിഐ. വിചാരണക്കോടതി വിധിക്കെതിരേ സൊഹ്‌റാബുദ്ദീന്റെ ബന്ധുക്കള്‍ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണക്കോടതി വിധി തങ്ങള്‍ അംഗീകരിച്ചതായി സിബിഐ അറിയിക്കുകയായിരുന്നു. പോലിസുകാരും ബിസിനസുകാരും അടക്കം 22 പേരെയാണ് 2018ല്‍ പ്രത്യേക സിബിഐ കോടതി വിചാരണക്ക് ശേഷം വെറുതെവിട്ടത്.
കേസില്‍ പ്രതികളായിരുന്ന, ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ, ഡി ജി വന്‍സാര(ഗുജറാത്തിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍), എം എന്‍ ദിനേശ്(രാജസ്ഥാന്‍ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍), രാജ്കുമാര്‍ പാണ്ഡ്യന്‍ (ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍), നരേന്ദ്ര അമിന്‍(ഐപിഎസ് ഉദ്യോഗസ്ഥന്‍) എന്നിവര്‍ വിചാരണക്ക് മുമ്പ് തന്നെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസില്‍ നിന്ന് ഒഴിവായിരുന്നു.
ബസില്‍ സഞ്ചരിക്കുകയായിരുന്ന സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ്, ഭാര്യ കൗസര്‍ ബീ, തുളസി റാം പ്രജാപതി എന്നിവരെ 2005 നവംബര്‍ 22നാണ് ഗുജറാത്ത് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. സൊഹ്‌റാബുദ്ദീനെയും കൗസര്‍ ബീയെയും ഒരുമിച്ച് അഹമദാബാദിലെ ഫാം ഹൗസിലേക്ക് കൊണ്ടുപോയി. പ്രജാപതിയെ രാജസ്ഥാനിലെ ഉദയ്പൂരിലേക്കാണ് കൊണ്ടുപോയത്. നവംബര്‍ 26ന് സൊഹ്‌റാബുദ്ദീനെ ഗുജറാത്ത്-രാജസ്ഥാന്‍ പോലിസ് സംഘം വെടിവച്ചു കൊന്നു. 29ന് കൗസര്‍ ബിയെ കൊന്ന് കത്തിച്ചു കളഞ്ഞു. ഡിസംബര്‍ 27ന് പ്രജാപതിയെ ജയിലില്‍ നിന്നും കൊണ്ടുപോയി ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വച്ച് വെടിവച്ചു കൊന്നു. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റുമുട്ടലുണ്ടായെന്നായിരുന്നു അവകാശ വാദം.
ഏറ്റുമുട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ടും കൗസര്‍ ബീയെ കണ്ടെത്താനുമായി സൊഹ്‌റാബുദ്ദീന്‍ ശെയ്ഖിന്റെ കുടുംബം സുപ്രിംകോടതിയെ സമീപിച്ചു. കൗസര്‍ ബി കൊല്ലപ്പെട്ടെന്നും മൃതദേഹം കത്തിച്ചുകളഞ്ഞെന്നും 2007 ഏപ്രിലില്‍ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഡിഐജി ഗീത ജോഹ്‌രിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് സിഐഡി കേസ് അന്വേഷിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. അന്വേഷണം അട്ടിമറിക്കാന്‍ അമിത് ഷായും പ്രതികളായ ഉന്നത പോലിസ് ഉദ്യോഗസ്ഥരും ശ്രമിച്ചതായി ഗീത ജോഹ്‌രി സുപ്രിംകോടതിയില്‍ റിപോര്‍ട്ട് നല്‍കി. പിന്നീട് 2010 ജനുവരില്‍ കേസിലെ അന്വേഷണം സുപ്രിംകോടതി സിബിഐയ്ക്ക് വിട്ടു. 2010ല്‍ കുറ്റപത്രം നല്‍കിയ സിബിഐ അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ ജയിലില്‍ അടച്ചു. എന്നാല്‍, അമിത് ഷാ നല്‍കിയ വിടുതല്‍ ഹരജി പരിഗണിച്ച് കോടതി അദ്ദേഹത്തെ 2014ല്‍ കുറ്റവിമുക്തനാക്കി.. ഇന്ന് അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്.

