സംഭലില്‍ ഉദ്യോഗസ്ഥര്‍ നിയമപരമായ പരിധികള്‍ ലംഘിച്ചു: പോലിസുകാര്‍ക്കെതിരേ കേസെടുത്തതില്‍ പ്രതികരിച്ച് സിയാവുര്‍ റഹ്‌മാന്‍ എംപി

Update: 2026-01-14 06:05 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജമാമസ്ജിദിന് സമീപം 2024 നവംബറില്‍ വെടിവയ്പ് നടത്തിയ പോലിസുകാര്‍ക്കെതിരേ കേസെടുക്കണമെന്ന കോടതി ഉത്തരവില്‍ പ്രതികരിച്ച് സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖ് എംപി. എഎസ്പി അനൂജ് ചൗധരി, ഇന്‍സ്‌പെക്ടര്‍ അനുജ് തോമര്‍ അടക്കം 12 പോലിസുകാര്‍ക്കെതിരെ കേസെടുക്കാനാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇന്നലെ ഉത്തരവിട്ടത്. സംഭല്‍ സംഘര്‍ഷ സമയത്ത് പോലിസുകാര്‍ നിയമപരമായ പരിധികള്‍ ലംഘിച്ചിരുന്നതായി സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖ് ചൂണ്ടിക്കാട്ടി. '' കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് ഉറപ്പാണ്. വൈകിയാലും നീതി ലഭിക്കും. ഞങ്ങള്‍ നീതിക്കായുള്ള പോരാട്ടം തുടരും.''-അദ്ദേഹം പറഞ്ഞു.

അതേസമയം, കോടതി നിര്‍ദേശമുണ്ടെങ്കിലും കേസെടുക്കില്ലെന്ന് എസ്പി കൃഷന്‍ കുമാര്‍ ബിഷ്‌ണോയ് പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണ റിപോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കണമെന്ന കോടതി നിര്‍ദേശത്തില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സംഭല്‍ മസ്ജിദ്, ഹിന്ദുക്ഷേത്രമാണമെന്ന ഹിന്ദുത്വരുടെ ഹരജിയില്‍ 2024 നവംബര്‍ 19ന് സിവില്‍കോടതി സര്‍വേക്ക് ഉത്തരവിട്ടിരുന്നു. അന്നു തന്നെ സര്‍വേ നടത്തിയെങ്കിലും 24ന് സര്‍വേ സംഘം വീണ്ടുമെത്തി. ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച ഒരു സംഘവും കൂടെയുണ്ടായിരുന്നു. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. പിന്നീട് പോലിസ് നടത്തിയ വെടിവയ്പില്‍ അഞ്ച് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു. അന്നേ ദിവസം പോലിസിന്റെ വെടിയേറ്റ ആലം എന്ന യുവാവിന്റെ പിതാവിന്റെ പരാതിയിലാണ് പോലിസുകാര്‍ക്കെതിരേ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.