'ലവ് ജിഹാദ് ആരോപണം'; പത്ത് വീടുകളും നൂറുവര്‍ഷം പഴക്കമുള്ള മസ്ജിദും പൊളിക്കാന്‍ നോട്ടിസ്
ജയ്പൂര്‍: ഹിന്ദുപെണ്‍കുട്ടികളെ 'ലവ് ജിഹാദിന്' ഇരയാക്കിയെന്ന ഹിന്ദുത്വരുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത പത്തുപേരുടെ വീടുകള്‍ പൊളിക്കാന്‍ അധികൃതര്‍ നോട്ടിസ് നല്‍കി. രാജസ്ഥാനിലെ ബീവര്‍ ജില്ലയിലെ രാജ്‌നഗറിലാണ് സംഭവം. അഞ്ച് ഹിന്ദു പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ 19-21 വയസിനുള്ളില്‍ പ്രായമുള്ള ഏഴുപേരെയും പ്രായപൂര്‍ത്തിയാവാത്ത മൂന്നു പേരെയുമാണ് ഫെബ്രുവരി 17ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെല്ലാം മുസ്‌ലിംകളാണ്.
സംഭവത്തെ തുടര്‍ന്ന് ആരോപണവിധേയരുടെ വീടുകള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ പ്രതിഷേധം ആരംഭിച്ചു. സംഘപരിവാര സംഘടനയായ എബിവിപി അജ്മീറിലും പ്രതിഷേധം നടത്തി. ഇതിനെ തുടര്‍ന്നാണ് വീടുകളുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ആരോപണവിധേയരുടെ കുടുംബങ്ങള്‍ക്ക് മുനിസിപ്പാലിറ്റി നോട്ടിസ് നല്‍കിയത്. രേഖകള്‍ ഉടന്‍ നല്‍കിയില്ലെങ്കില്‍ പൊളിക്കല്‍ നടപടികളിലേക്ക് കടക്കുമെന്നും ചെലവ് ഉടമകളില്‍ നിന്ന് ഈടാക്കുമെന്നും നോട്ടിസില്‍ പറയുന്നുണ്ട്.
ഇതിന് ശേഷം ഫെബ്രുവരി 20ന് പ്രദേശത്തെ നൂറുവര്‍ഷത്തില്‍ അധികം പഴക്കമുള്ള രാജ്‌നഗര്‍ ജാമിഅ് മസ്ജിദിനും നോട്ടീസ് നല്‍കി. ഉടമവസ്ഥാവകാശം സ്ഥാപിക്കുന്ന രേഖകള്‍ മൂന്നു ദിവസത്തിനകം നല്‍കണമെന്നാണ് നോട്ടിസ് പറയുന്നത്. രേഖകള്‍ നല്‍കിയില്ലെങ്കില്‍ രാജസ്ഥാന്‍ മുന്‍സിപ്പാലിറ്റീസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം പൊളിക്കല്‍ നടപടി സ്വീകരിക്കും.
പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടി ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ നടത്തിയ അന്വേഷണമാണ് പരാതികള്‍ക്കും കേസിനും കാരണമെന്ന് ഡിഎസ്പി സജ്ജന്‍ സിങ് പറഞ്ഞു. ഭാരതീയ ന്യായസംഹിതയിലെയും പോക്‌സോ നിയമത്തിലെയും വിവിധവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രദേശത്തെ ഒരു ഖബറിസ്ഥാനും മുന്‍സിപ്പാലിറ്റി അധികൃതര്‍ പൊളിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. വിജയനഗറിലെ ബുള്‍ഡോസര്‍ നടപടികള്‍ നിര്‍ത്തിവക്കണമെന്ന് പൗരാവകാശ സംഘടനയായ പിയുസിഎല്‍ ആവശ്യപ്പെട്ടു.
