കമാല്‍ മൗല പള്ളിയില്‍ നടത്തിയത് 'ഡമ്മി' നിസ്‌കാരമെന്ന് പ്രദേശവാസികള്‍; സുപ്രിംകോടതി വിധി പാലിക്കപ്പെട്ടില്ലെന്ന് ആരോപണം
ഭോപ്പാല്‍: മധ്യപ്രദേശിലെ കമാല്‍ മൗല മസ്ജിദില്‍ വെള്ളിയാഴ്ച നടന്ന നിസ്‌കാരം 'ഡമ്മി' നിസ്‌കാരമാണെന്ന് ആരോപണം. വെള്ളിയാഴ്ച മസ്ജിദ് അങ്കണത്തില്‍ ബസന്ത പഞ്ചമി പൂജ നടത്താന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. പതിവ് പോലെ നിസ്‌കാരം നടത്താമെന്നും കോടതി പറഞ്ഞു. ജില്ലാ ഭരണകൂടത്തിനാണ് ഇതിന്റെ നിയന്ത്രണം നല്‍കിയത്. എന്നാല്‍, നിസ്‌കാരത്തിന്റെ കാര്യത്തില്‍ ജില്ലാ ഭരണകൂടം തട്ടിപ്പ് നടത്തിയതായി പ്രദേശവാസികളായ ചിലര്‍ വെളിപ്പെടുത്തി. പ്രദേശത്തെ മുസ്‌ലിംകളെ നിസ്‌കരിക്കാന്‍ അനുവദിച്ചില്ലെന്ന് ഇമ്രാന്‍ ഖാന്‍ എന്ന യുവാവ് വീഡിയോയില്‍ വെളിപ്പെടുത്തി. തന്നെയും പ്രദേശത്തെ മറ്റു മുസ്‌ലിംകളെയും ഉച്ചയ്ക്ക് ഒന്നു മുതല്‍ മൂന്നു വരെയുള്ള സമയത്ത് പള്ളിയില്‍ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞ് പോലിസുകാര്‍ കൊണ്ടുപോയി കസ്റ്റഡിയില്‍ വച്ചെന്നും നിസ്‌കാര സമയം തീരുന്ന സമയത്ത് വീട്ടിലേക്ക് പറഞ്ഞയച്ചെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
Shocking news is emerging from Dhar, Madhya Pradesh.
— Team Rising Falcon (@TheRFTeam) January 24, 2026
The administration is alleged to have deceived the Muslim community at the historic Kamal Maula Mosque (Bhojshala). Despite a Supreme Court order permitting prayers, namaz was reportedly not allowed inside the premises.… pic.twitter.com/UJwwx8AsWE
പള്ളിയില്‍ നിസ്‌കാരം നടന്നെങ്കിലും അത് പ്രദേശവാസികളായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, സുപ്രിംകോടതി വിധി പ്രകാരം മുസ്‌ലിംകള്‍ പള്ളിയില്‍ നിസ്‌കരിച്ചെന്നാണ് ജില്ലാ ഭരണകൂടം അവകാശപ്പെടുന്നത്. തങ്ങളെ ഡെപ്യൂട്ടി കലക്ടര്‍ റോഷ്ണി പട്ടീദാറും ഡിഎസ്പി ആനന്ദ് തിവാരിയും 16 മണിക്കൂര്‍ തടഞ്ഞുവച്ചെന്നാണ് ഗുല്‍മോഹര്‍ കോളനി നിവാസികള്‍ പറയുന്നത്. ആരോ നിസ്‌കരിക്കുന്ന വീഡിയോ ചിത്രീകരിച്ച് പ്രസിദ്ധീകരിക്കുകയാണ് അധികൃതര്‍ ചെയ്തതെന്നും അവര്‍ ആരോപിച്ചു. പള്ളിയില്‍ നിസ്‌കരിക്കാന്‍ എത്തിയവര്‍ മഞ്ഞനിറത്തിലുള്ള വളണ്ടിയര്‍ വെസ്റ്റുകള്‍ ധരിച്ച വീഡിയോയും പുറത്തുവന്നതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. കലാപവിരുദ്ധ വാഹനങ്ങളില്‍ കയറ്റി 15-17 മുസ്‌ലിംകളെ പള്ളിയില്‍ എത്തിച്ചതായി ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനും പറഞ്ഞു.പ്രദേശവാസികളെ നിസ്‌കരിക്കാന്‍ അനുവദിക്കാത്തതിന് മുസ്‌ലിംകള്‍ പ്രതിഷേധിക്കുകയും ചെയ്തു.
Location: Dhar, Madhya Pradesh
— The Muslim (@TheMuslim786) January 24, 2026
Muslim women protested after prayers were not allowed at the Kamal Moula Mosque (Bhojshala) despite the Supreme Court’s order. pic.twitter.com/Lf5mqe86qv
മധ്യപ്രദേശിലെ കമാല്‍ മൗല മസ്ജിദില്‍ ബസന്ത പഞ്ചമി പൂജ നടത്താമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന നല്‍കിയ അപേക്ഷയിലാണ് ചീഫ്ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളിയില്‍ ഹിന്ദുത്വര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ നിയന്ത്രണത്തിലുള്ള പള്ളിയില്‍, 2003ലെ കരാര്‍ പ്രകാരം ചൊവ്വാഴ്ച ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥന നടത്താം. വെള്ളിയാഴ്ച മുസ്ലിംകള്‍ക്കും പ്രാര്‍ത്ഥന നടത്താം. എന്നാല്‍, ജനുവരി 23ന് മുഴുവന്‍ ദിവസവും പൂജ നടത്തണമെന്നാണ് ഹിന്ദു ഫ്രണ്ട് ആവശ്യപ്പെട്ടത്.

