13 പേരെ കൊലപ്പെടുത്തിയ കേസില്‍ ഖിസാസ് നടപ്പാക്കിയെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍
കാബൂള്‍: പതിമൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിയുടെ ഖിസാസ് നടപ്പാക്കിയെന്ന് അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍. സുപ്രിംകോടതി വധശിക്ഷ ശരിവച്ചതിന് പിന്നാലെ കിഴക്കന്‍ നഗരമായ ഖോസ്തിലെ സ്റ്റേഡിയത്തിലാണ് പാക്തിയ പ്രദേശത്തുകാരനായ തലാ ഖാന്റെ മകന്‍ മന്‍ഗല്‍ എന്നയാളുടെ ശിക്ഷ നടപ്പാക്കിയത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ അടക്കം ആയിരക്കണക്കിന് പേര്‍ ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ എത്തിയിരുന്നു.
ഖോസ്ത് സ്വദേശിയായ അബ്ദുല്‍ റഹ്‌മാന്‍ എന്നയാളെയും കുടുംബത്തെയുമാണ് മന്‍ഗലും രണ്ടു മക്കളും കൊല ചെയ്തത്. തുടര്‍ന്ന് പ്രൈമറി, അപ്പീല്‍, തമിസ് കോടതികള്‍ കേസ് പരിശോധിച്ചു. അതിന് പിന്നാലെയാണ് വധശിക്ഷ സ്ഥിരീകരിച്ചത്. വധശിക്ഷയായതിനാല്‍ കേസ് അഫ്ഗാനിസ്താന്‍ പരമോന്നത നേതാവ് ശെയ്ഖുല്‍ ഹദീസ് മൗലവി ഹിബാത്തുല്ലയുടെ പരിഗണനയിലും എത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ നിലപാട് അദ്ദേഹം തേടി. പ്രതികള്‍ക്ക് മാപ്പുനല്‍കാനോ ഒത്തുതീര്‍പ്പാക്കാനോ തയ്യാറല്ലെന്ന് കുടുംബം അറിയിച്ചു. അങ്ങനെയാണ് ഖിസാസ് നടപ്പാക്കാന്‍ തീരുമാനിച്ചത്.
ഇതിനായി ശെയ്ഖ അബ്ദുല്‍ ഹക്കീം ഹഖാനിയുടെ നിര്‍ദേശ പ്രകാരം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ പ്രതിനിധി സംഘം ഖോസ്തിലേക്ക് പോയി. ഖോസ്തിലെ ജഡ്ജി മൗലവി ഐന്‍ ഉല്ലാ ഖലീല്‍, ഖോസ്ത് ഗവര്‍ണര്‍ മൗലവി അബ്ദുല്ല മുഖ്താര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് എത്തി.
അബ്ദുല്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ മന്‍ഗല്‍ കുറ്റസമ്മതം നടത്തിയിരുന്നതായി അവര്‍ പൊതുജനങ്ങളെ അറിയിച്ചു. മറ്റു കൊലപാതകങ്ങളില്‍ പങ്കില്ലെന്ന് അവകാശപ്പെട്ടെങ്കിലും കുറ്റം തെളിഞ്ഞു. മന്‍ഗലിന്റെ രണ്ടു മക്കള്‍ക്കും ശിക്ഷയുണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ എല്ലാ ബന്ധുക്കളും നിലപാട് പറയാത്തതിനാല്‍ ശിക്ഷ മാറ്റിവച്ചിരിക്കുകയാണ്. വിദേശത്തുള്ള ചിലര്‍ എത്തിയാല്‍ മാത്രമേ അവരുടെ നിലപാട് തേടാനാവു. അതുവരെ രണ്ടു പ്രതികളും ജയിലില്‍ തുടരും. ബന്ധുക്കള്‍ മാപ്പ് നല്‍കിയില്ലെങ്കില്‍ ശിക്ഷ നടപ്പാക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2021ന് ശേഷം അഫ്ഗാനിസ്താനില്‍ ഇതുവരെ 11 വധശിക്ഷകളാണ് നടപ്പാക്കിയിട്ടുള്ളത്.
