വിമാനത്തിനുള്ളിലെ പ്രതിഷേധം; ഇപി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്കേര്‍പ്പെടുത്തി ഇന്‍ഡിഗോ

.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്,ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Update: 2022-07-18 04:26 GMT

തിരുവനന്തപുരം:വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ. മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇ പി ജയരാജന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇന്‍ഡിഗോ അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. റിട്ടയേര്‍ഡ് ജഡ്ജ് ആര്‍ ബസ്‌വാന അധ്യക്ഷനായ മൂന്നംഗസമിതിയാണ് അന്വേഷണം നടത്തിയത്. ഇവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്നും ഇപി ജയരാജനില്‍ നിന്നും മൊഴിയെടുത്തിരുന്നു.മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസമിതി നല്‍കിയ റിപോര്‍ട്ടിലാണ് നടപടി ഉണ്ടായിരിക്കുന്നത്.

സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു ഡിഎഫ് പ്രതിഷേധ സമരം സംഘടപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇന്‍ഡിഗോ വിമാനത്തിലുണ്ടായത്.കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എന്നാല്‍, മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളി വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

അതേസമയം യാത്രാവിലക്കിനെ കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

Tags: