പരിപാടിക്കിടെ മ്യൂസിക് സിസ്റ്റം ഓഫായി; ദുര്‍മന്ത്രവാദം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു
പാറ്റ്‌ന: ബിഹാറിലെ നവാദയില്‍ ദുര്‍മന്ത്രവാദം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. പഞ്ചുഗഡ് മുസാഹരി ഗ്രാമത്തിലെ 55കാരനായ ഗയ മാഞ്ചിയാണ് കൊല്ലപ്പെട്ടത്. മാഞ്ചിയുടെ ഭാര്യ സമുധിക്ക് ഗുരുതരമായി പരിക്കേറ്റു. ഗ്രാമവാസിയായ മോഹന്‍ മാഞ്ചി എന്നയാളുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന മ്യൂസിക് സിസ്റ്റം കേടായതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പോലിസ് പറയുന്നു. ഗയ മാഞ്ചി ദുര്‍മന്ത്രവാദം നടത്തിയതാണ് ഇതിന് കാരണമെന്ന് മോഹന്‍ സംശയിച്ചു. തുടര്‍ന്ന് ഒമ്പത് സ്തീകളും ഏഴു പുരുഷന്‍മാരും അടങ്ങുന്ന സംഘം ഗയ മാഞ്ചിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. അതിന് ശേഷം രണ്ടുപേരുടെയും മുടി ബലമായി വടിച്ചു. തലയില്‍ ചുണ്ണാമ്പ് തേച്ച് ചെരുപ്പുമാലയിട്ട് ഗ്രാമത്തില്‍ കൊണ്ടുനടന്നു. ഗയ മാഞ്ചിയെ തല്ലിക്കൊന്ന ശേഷം മൃതദേഹം സംസ്‌കരിക്കാനും ശ്രമമുണ്ടായി. അപ്പോഴാണ് പോലിസ് വിവരം അറിഞ്ഞതെന്ന് എസ്പി പറഞ്ഞു.