അസദിന്റെ ജന്മനാട്ടില്‍ അലവികളുമായി സമാധാന കരാറില്‍ ഒപ്പിട്ട് ഹയാത് താഹിര്‍ അല്‍ ശാമും ഫ്രീ സിറിയന്‍ ആര്‍മിയും

ഖര്‍ദഹായിലെ ടൗണ്‍ ഹാളില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ അലവി വിഭാഗത്തിലെ പ്രമുഖരായ 30 നേതാക്കളും പങ്കെടുത്തു.

Update: 2024-12-10 04:29 GMT

ദമസ്‌കസ്: സിറിയന്‍ പ്രസിഡന്റായിരുന്ന ബശ്ശാറുല്‍ അസദിന്റെ ജന്മനഗരമായ ഖര്‍ദഹായിലെ അലവി നേതാക്കളുമായി വിമത സൈന്യപ്രതിനിധികള്‍ സമാധാന കരാറില്‍ ഒപ്പിട്ടതായി റിപോര്‍ട്ട്. ഖര്‍ദഹായിലെ ടൗണ്‍ ഹാളില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ അലവി വിഭാഗത്തിലെ പ്രമുഖരായ 30 നേതാക്കളും ഹയാത് താഹിര്‍ അല്‍ ശാമിന്റെയും ഫ്രീ സിറിയന്‍ ആര്‍മിയുടെയും പ്രതിനിധികളും പങ്കെടുത്തു.

സിറിയയുടെ മതപരവും സംസ്‌കാരികപരവുമായ വൈവിധ്യത്തില്‍ ഊന്നിയ കരാറാണ് ഒപ്പിട്ടിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ റിപോര്‍ട്ട് പറയുന്നു. പോലിസും സൈന്യവും ഉടന്‍ പുനസംഘടിപ്പിക്കുമെന്ന് കരാര്‍ പറയുന്നു. ഖര്‍ദാഹ നിവാസികള്‍ സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങള്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ കൈമാറണം.

'' സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ ഭൂപരമായ ഐക്യവും സാംസ്‌കാരികവും മതപരവുമായ വൈവിധ്യങ്ങളും വിവിധ ചിന്താപദ്ധതികളും ഞങ്ങള്‍ അംഗീകരിക്കുന്നു.''-ഇരുവിഭാഗവും ഒപ്പിട്ട കരാര്‍ പറയുന്നു.

സിറിയന്‍ ജനസംഖ്യയില്‍ പത്ത് ശതമാനമാണ് അലവി വിഭാഗക്കാരുള്ളത്. ഖര്‍ദഹായിലാണ് അതില്‍ കൂടുതല്‍ പേരും ജീവിക്കുന്നത്. സിറിയയുടെ പ്രസിഡന്റായിരുന്ന ഹാഫിസ് അസദിനെയും മകന്‍ ബശ്ശാറുല്‍ അസദിനെയും ശക്തമായി പിന്തുണച്ചിരുന്ന പ്രദേശമാണിത്. ഇവിടെ നിന്നാണ് തന്റെ സുരക്ഷാ സൈനികരെ ബശ്ശാറുല്‍ അസദ് നിയമിച്ചിരുന്നത്.

കഴിഞ്ഞ ഭരണത്തിലെ പങ്കാളിത്തം മൂലം പ്രദേശത്തെ വിമതസൈന്യം ആക്രമിക്കുമോയെന്ന ഭയം അലവി വിഭാഗക്കാര്‍ക്കുണ്ടായിരുന്നു. എന്നാല്‍, ദമസ്‌കസ് പിടിച്ച ശേഷം വിമതസൈന്യം കൂടിക്കാഴ്ച്ചക്ക് ശ്രമിക്കുകയായിരുന്നു. അലവി വിഭാഗത്തിലെ പണ്ഡിതരും പ്രമുഖരുമെല്ലാം കൂടിക്കാഴ്ച്ചക്ക് എത്തി. വിമത പ്രതിനിധികള്‍ എത്തുന്നതിന് മുമ്പ് അലവി സാമൂഹിക പ്രവര്‍ത്തകര്‍ പ്രദേശത്തെ ഹാഫിസ് അസദിന്റെ പ്രതിമ തകര്‍ത്തിരുന്നു. ഹാഫിസ് അസദിന്റെ സ്മാരക മണ്ഡപവും തകര്‍ത്തിട്ടുണ്ട്.

തദ്ദേശീയ ജനതയുടെ ഭയം ഇല്ലാതാക്കുന്ന നടപടിയാണ് കരാറെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പ്രദേശവാസി റോയിട്ടേഴ്‌സിനോട് പറഞ്ഞു. സ്വതന്ത്ര സിറിയക്കും പുതിയ പാതക്കും പൂര്‍ണപിന്തുണയാണ് അലവികള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും പ്രദേശവാസി പറഞ്ഞു.

ഹയാത് താഹിര്‍ അല്‍ ശാമിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് ബ്രിട്ടനും യുഎസും അറിയിച്ചിട്ടുണ്ട്.