''ദേശീയവാദികളായ മുസ്‌ലിംകള്‍ക്ക് ബിജെപി എതിരല്ല'': ബംഗാളില്‍ പുതിയ കാംപയിനുമായി ബിജെപി
കൊല്‍ക്കത്ത: ദേശീയവാദികളായ മുസ്‌ലിംകളോട് വിയോജിപ്പില്ലെന്ന കാംപയിനുമായി പശ്ചിമബംഗാളിലെ ബിജെപി. മറ്റു സംസ്ഥാനങ്ങളിലെ പോലെ ജാതി രാഷ്ട്രീയവും വിവേചനവും ശക്തമല്ലാത്ത ബംഗാളില്‍ വ്യത്യസ്തമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോട് പറഞ്ഞു. '' പശ്ചിമബംഗാളിലെ ജനസംഖ്യയില്‍ 30 ശതമാനം മുസ്‌ലിംകളാണ്. 294 സീറ്റുകളില്‍ 40-50 സീറ്റുകളില്‍ മുസ്‌ലിംകള്‍ നിര്‍ണായക ശക്തിയാണ്. അതിനാല്‍ അവരെ ഒഴിവാക്കാനാവില്ല. മറ്റു നിരവധി സീറ്റുകളില്‍ വിജയത്തിന് മുസ്‌ലിം വോട്ടുകള്‍ വേണം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആ വോട്ടുകള്‍ ലഭിച്ചില്ല. ഇത്തവണ അത് നേടണം.''-ബിജെപി നേതാവ് പറഞ്ഞു.
2011ലെ സെന്‍സസ് പ്രകാരം ബംഗാളിലെ ജനസംഖ്യയുടെ 27 ശതമാനമാണ് മുസ്‌ലിംകള്‍. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തൃണമൂലിനും സിപിഎമ്മിനും കോണ്‍ഗ്രസിനും എതിരായ നിലപാടുള്ള മുസ്‌ലിംകളുടെ വോട്ടുകള്‍ നേടണമെന്നും ബിജെപി നേതാവ് പറഞ്ഞു. പാര്‍ട്ടിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ മുസ്‌ലിം വോട്ടുകള്‍ നേടാന്‍ വേണ്ട പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ബംഗാളില്‍ മുസ്‌ലിം സമുദായത്തില്‍ നിന്ന് എംഎല്‍എമാര്‍ പാടില്ലെന്ന് പ്രഖ്യാപിച്ചിരുന്ന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഇപ്പോള്‍ മയത്തിലാണ് സംസാരിക്കുന്നത്. ബംഗ്ലാദേശികളെയും രോഹിങ്ഗ്യകളെയും പുറത്താക്കാനാണ് എസ്‌ഐആര്‍ നടപ്പാക്കുന്നതെന്നും ഇന്ത്യന്‍ മുസ്‌ലിംകളെ പുറത്താക്കാനാല്ലെന്നും സുവേന്ദു അധികാരി പറയുകയുണ്ടായി. നുഴഞ്ഞുകയറ്റക്കാര്‍ക്കും ജിഹാദികള്‍ക്കും രോഹിങ്ഗ്യകള്‍ക്കും മാത്രം എതിരാണ് തങ്ങളെന്ന് മറ്റൊരു ബിജെപി നേതാവും പറഞ്ഞു. രാജ്യത്തെ സ്‌നേഹിക്കുന്ന മുസ് ലിംകള്‍ക്ക് ബിജെപി എതിരല്ലെന്ന് മുന്‍ പ്രസിഡന്റ്ായ രാഹുല്‍ സിന്‍ഹയും പ്രഖ്യാപിച്ചു.
അതേസമയം, ദേശീയവാദികളായ മുസ്‌ലിംകള്‍ എന്ന ബിജെപിയുടെ പ്രയോഗത്തെ സിപിഎം നേതാവ് മുഹമ്മദ് സലീം ചോദ്യം ചെയ്തു. '' ആരാണ് മുസ്‌ലിംകളുടെ രാജ്യസ്‌നേഹം തീരുമാനിക്കുക. തങ്ങള്‍ക്ക് മാത്രമേ രാജ്യസ്‌നേഹം ഉള്ളൂയെന്നാണ് ബിജെപിക്കാര്‍ അവകാശപ്പെടുന്നത്. അതാണ് ബിജെപിയുടെ തത്വം.''-അദ്ദേഹം പറഞ്ഞു. മതം, ദേശസ്‌നേഹം എന്നിവ ബിജെപിയുടെ വിഷമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ജയപ്രകാശ് മജുംദാര്‍ പറഞ്ഞു. '' എങ്ങനെയാണ് ഒരാള്‍ രാജ്യസ്‌നേഹിയാണെന്നും അല്ലെന്നും പറയുക. ആര്‍ക്കും രാജ്യസ്‌നേഹത്തിന്റെ ലേബല്‍ നല്‍കാന്‍ ബിജെപിക്ക് ധാര്‍മിക അധികാരമില്ല. ബിജെപി ആദ്യം ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഭിന്നിപ്പിച്ചു. ഇപ്പോള്‍ അവര്‍ മുസ്‌ലിംകളെ ദേശീയവാദികളും ദേശവിരുദ്ധരുമായി വേര്‍തിരിക്കുന്നു. വിഭജനം എത്ര മുന്നോട്ടുപോവും?''-ജയപ്രകാശ് മജുംദാര്‍ ചോദിച്ചു.

