ജൂണിന് ശേഷം എല്‍ നിനോ സാധ്യത, രാജ്യത്ത് കാലവര്‍ഷം കുറയും; കേരളത്തില്‍ ഇത്തവണയും സാധാരണ തോതിലെന്ന് ആദ്യ ഘട്ട പ്രവചനം

Update: 2026-04-13 15:21 GMT

തിരുവനന്തപുരം: രാജ്യത്താകെ ഇത്തവണത്തെ കാലവര്‍ഷം സാധാരണയില്‍ കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം. എന്നാല്‍, കേരളത്തില്‍ ഇത്തവണയും സാധാരണ തോതിലെന്ന് ആദ്യ ഘട്ട പ്രവചനം.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സാധാരണ നില തുടരുമെന്നും അതിന് ശേഷം മണ്‍സൂണ്‍ കാലയളവില്‍ എല്‍ നിനോ സാഹചര്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ അവസാന ഭാഗത്ത് ഐഒഡി (Indian Ocean Dipole) രൂപപ്പെടാന്‍ സാധ്യതയുണ്ട്, ഇത് മണ്‍സൂണിന് അനുകൂലമായ ഘടകമാണ്.

എല്‍ നിനോ പ്രതിഭാസം രാജ്യത്തെ മണ്‍സൂണിനെ ബാധിച്ചേക്കാമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റും റിപ്പോര്‍ട്ട് ചെയ്യുന്നു. എല്‍ നിനോ പ്രതിഭാസം കാലവര്‍ഷം ദുര്‍ബലമാകാന്‍ പ്രത്യേകിച്ചും രണ്ടാംഘട്ടത്തില്‍ കാരണമാകുമെന്നും സ്‌കൈമെറ്റ് പറയുന്നു. മധ്യ, കിഴക്കന്‍ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും ചൂടാകുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ രീതിയാണ് എല്‍ നിനോ. നിലവില്‍ കിഴക്കന്‍ പസഫിക്കിലെ സമുദ്രോപരിതലത്തിന് താഴെ ശക്തമായ ചൂട് വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും സ്‌കൈമെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: