ഗുവാഹതി: അസമിലെ നഗോണ്‍-ബതദ്രബ മണ്ഡലത്തിലെ 64 മുസ്‌ലിം വോട്ടര്‍മാര്‍ മരിച്ചെന്ന് പ്രഖ്യാപിപ്പിക്കാന്‍ ശ്രമം. വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ക്കിടയിലാണ് മുസ്‌ലിംകള്‍ മരിച്ചെന്ന് ഒരാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ 'മരിച്ചവരുടെ' വിലാസത്തില്‍ നോട്ടിസ് നല്‍കി. ഇതോടെ വോട്ടര്‍മാര്‍ രേഖകളുമായി അധികൃതരെ സമീപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തനിക്ക് നോട്ടിസ് ലഭിച്ചതെന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഹാഫിസുദ്ദീന്‍ അഹമദ് പറഞ്ഞു. താന്‍ മരിച്ചില്ലെന്ന രേഖകള്‍ അദ്ദേഹം അറിയിച്ചു. വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളാണ് അദ്ദേഹം നല്‍കിയത്. ഹാഫിസുദ്ദീന്റെ അയല്‍ക്കാരനായ ജാവേദ് അക്തറിന് രണ്ടു നോട്ടിസുകളാണ് ലഭിച്ചത്. ഒന്ന് അദ്ദേഹത്തിന്റെ അമ്മായിഅച്ചനുള്ളതാണ്. ധിംഗ് കോളജില്‍ നിന്നും വിരമിച്ച അധ്യാപകനായ അബ്ദുല്‍സലാമിനും നോട്ടിസ് ലഭിച്ചു. പേരുവെട്ടാന്‍ വ്യാപകശ്രമം നടക്കുന്നതായി ആരോപണം വന്നതിനാല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ മൂന്നു മണ്ഡലങ്ങളിലെ പബ്ലിക് ഹിയറിങ് നിര്‍ത്തിവച്ചു.