''വിരട്ടലും ഭീഷണിയും ഞങ്ങളോട് വേണ്ട''; ഏതുതരം യുദ്ധത്തിനും തയ്യാറെന്ന് യുഎസിനോട് ചൈന
ബീജിങ്: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധികതീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ചൈന. തീരുവ യുദ്ധമോ വ്യാപാര യുദ്ധമോ മറ്റെന്തെങ്കിലും യുദ്ധമോ ആണെങ്കിലും അവസാനം പോരാടാന്‍ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യവക്താവ് സോഷ്യല്‍ മീഡിയയായ എക്‌സില്‍ കുറിച്ചു.
''ഞങ്ങളുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധം പൂര്‍ണ്ണമായും നിയമാനുസൃതവും അനിവാര്യവുമാണ്. യുഎസ് ചൈനയെ അപകീര്‍ത്തിപ്പെടുത്താനും ചെളിവാരി എറിയാനുമാണ് ശ്രമിക്കുന്നത്. തീരുവ ഉയര്‍ത്തുന്നതിലൂടെ ചൈനയെ ബ്ലാക്‌മെയില്‍ചെയ്യാനും സമ്മര്‍ദ്ദത്തിലാക്കാനുമാണ് ശ്രമിക്കുന്നത്''-പോസ്റ്റ് പറയുന്നു.
''വിരട്ടിയാല്‍ ഞങ്ങള്‍ ഭയപ്പെടില്ല. ഭീഷണി വിലപ്പോവില്ല. സമ്മര്‍ദമോ ബലപ്രയോഗമോ ഭീഷണിയോ ചൈനയെ നേരിടാനുള്ള ശരിയായ മാര്‍ഗമല്ല. ചൈനയ്ക്കുമേല്‍ പരമാവധി സമ്മര്‍ദം ചെലുത്തുന്നവര്‍ ആരായാലും അവരുടേത് തെറ്റായ കണക്കുകൂട്ടലാണ്. യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍, അത് തീരുവയുദ്ധമോ വ്യാപരയുദ്ധമോ മറ്റെന്തെങ്കിലും തരത്തിലുള്ള യുദ്ധമോ ആവട്ടെ, അവസാനംവരെ പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്.''
മാര്‍ച്ച് 10 മുതല്‍ കോഴിയിറച്ചി, ചോളം, പരുത്തി എന്നിവ ഉള്‍പ്പെടെ യുഎസില്‍നിന്നുള്ള ഇറക്കുമതിക്ക് 10 മുതല്‍ 15 ശതമാനംവരെ തീരുവ ചൈന പ്രഖ്യാപിച്ചിരുന്നു. യുഎസില്‍ നിന്നുള്ള കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയ്ക്ക് 15 ശതമാനവും സോയാബീന്‍, പോത്തിറച്ചി, സമുദ്ര വിഭവങ്ങള്‍, പഴം, പച്ചക്കറി, പാലുത്പന്നങ്ങള്‍ എന്നിവയ്ക്ക് 10 ശതമാനവും തീരുവ ഈടാക്കും.
