എല്ലെന്‍ ശര്‍മ ട്രസ്റ്റിന്റെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി; ട്രസ്റ്റിനെ ശല്യപ്പെടുത്തരുതെന്ന് നിര്‍ദേശം
ന്യൂഡല്‍ഹി: തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എല്ലെന്‍ ശര്‍മ മെമ്മോറിയല്‍ ട്രസ്റ്റിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) പ്രകാരമുള്ള ലൈസന്‍സ് റദ്ദാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. എല്ലെന്‍ ശര്‍മ മെമ്മോറിയല്‍ ട്രസ്റ്റിന് സാമൂഹിക പ്രവര്‍ത്തനം നടത്തണമെങ്കില്‍ അത് ചെയ്യട്ടെയെന്നും കാര്യങ്ങള്‍ സങ്കീര്‍ണമാക്കരുതെന്നും അവരെ ഉപദ്രവിക്കരുതെന്നും ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു. തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ 1937ല്‍ മിസിസ് എല്ലെനും ഡോ. വി എന്‍ ശര്‍മയും ചേര്‍ന്ന് രൂപീകരിച്ച സന്നദ്ധ സംഘടനയാണ് എല്ലെന്‍ ശര്‍മ മെമ്മോറിയല്‍ ട്രസ്റ്റ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ അവര്‍ സ്‌കൂളുകള്‍ നടത്തുന്നുണ്ട്. സംഘടനയുടെ എഫ്‌സിആര്‍എ ലൈസന്‍സ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഹൈക്കോടതിയില്‍ നിന്നും ട്രസ്റ്റിന് അനുകൂല വിധി ലഭിച്ചു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ എത്തിയത്.
എന്നാല്‍, ട്രസ്റ്റ് ഏതെങ്കിലും തരത്തില്‍ സമ്പത്ത് തെറ്റായി ഉപയോഗിച്ചതായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിട്ടില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ''അവര്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുന്നതില്‍ സര്‍ക്കാരിന് എന്താണ് പ്രശ്‌നം ?. നിങ്ങള്‍ അവരെ നിരീക്ഷിക്കൂ, അവരുടെ കണക്കുകള്‍ എല്ലാ വര്‍ഷവും പരിശോധിക്കൂ. കാര്യങ്ങള്‍ സങ്കീര്‍ണമാക്കരുത്. അവരെ ഇനിയും ഉപദ്രവിക്കരുത്''-കോടതി പറഞ്ഞു.