''വിവരമുള്ളവര്‍ സ്ത്രീധനം വാങ്ങില്ല''; ഭാര്യവീട്ടുകാര്‍ നല്‍കിയ അഞ്ച് ലക്ഷം രൂപ തിരിച്ചു നല്‍കി യുവാവ്
ജയ്‌സാല്‍മര്‍: വിവാഹചടങ്ങിനിടെ ഭാര്യവീട്ടുകാര്‍ നല്‍കിയ സ്ത്രീധനം മടക്കി നല്‍കി യുവാവ്. രാജസ്താനിലെ കരാലിയ ഗ്രാമത്തില്‍ ഫെബ്രുവരി 14ന് നടന്ന വിവാഹത്തിലാണ് സംഭവം. പാലി സ്വദേശിയായ 30കാരനായ പരംവീര്‍ റാത്തോഡാണ് സ്ത്രീധനം മടക്കി നല്‍കിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. വധുവായ നികിത ഭാട്ടിയുടെ വീട്ടിലേക്ക് കുതിരപ്പുറത്താണ് പരംവീര്‍ റാത്തോഡ് എത്തിയത്. ആഘോഷത്തോടെ നികിതയുടെ വീട്ടുകാര്‍ റാത്തോഡിനെ സ്വീകരിച്ചു.
തിലകം ചാര്‍ത്തല്‍ കഴിഞ്ഞതോടെ ഭാര്യവീട്ടുകാര്‍ സമ്മാനങ്ങള്‍ നല്‍കി തുടങ്ങി. ഇതിനിടെയാണ് വധുവിന്റെ പിതാവ് ചുവന്ന തുണി കൊണ്ടു പൊതിഞ്ഞ താലം നല്‍കിയത്. 5,51,000 രൂപയാണ് താലത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് റാത്തോഡ് പിതാവുമായി സംസാരിച്ചു. വിവാഹ ആചാരങ്ങള്‍ മുടക്കാതെ തന്നെ പണം തിരികെ നല്‍കുകയായിരുന്നു.
നികിതയുടെ വീട്ടുകാര്‍ പണം നല്‍കിയപ്പോള്‍ ദുഖം തോന്നിയെന്ന് പരംവീര്‍ റാത്തോഡ് പറഞ്ഞു. ''സമൂഹത്തില്‍ സ്ത്രീധന രീതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. പിതാവിനോടും മറ്റ് കുടുംബാംഗങ്ങളോടും സംസാരിച്ചു. പണം തിരികെ നല്‍കണമെന്ന് പറഞ്ഞു. അങ്ങനെയാണ് പണം തിരികെ നല്‍കിയത്. സിവില്‍ സര്‍വീസില്‍ പ്രവേശിക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാന്‍ ധാരാളം പഠിച്ചിട്ടുണ്ട്. നമ്മള്‍ ഒരു മാതൃക കാണിക്കണം. വിവരമുള്ളവര്‍ സ്ത്രീധനം വാങ്ങരുത്. എന്റെ മാതാപിതാക്കള്‍ എന്നെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. എനിക്ക് ഒരു സഹോദരിയുമുണ്ട്. ഈ ദുരാചാരങ്ങള്‍ നമ്മള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സമൂഹത്തില്‍ എങ്ങനെ മാറ്റം കൊണ്ടുവരും?.''-റാത്തോഡ് ചോദിച്ചു.
ആചാരങ്ങളുടെ ഭാഗമായി ഞാന്‍ ഒരു നാളികേരവും ഒരു രൂപ നാണയവും മാത്രമേ സ്വീകരിച്ചുള്ളൂയെന്ന് റാത്തോഡിന്റെ പിതാവും കര്‍ഷകനുമായ ഈശ്വര്‍ സിങ് പറഞ്ഞു. ചടങ്ങുകള്‍ക്ക് ശേഷം ദമ്പതികള്‍ പാലിയിലെ വീട്ടിലേക്ക് മടങ്ങി. പാലിയിലെ റാത്തോഡ് ഒരു മാതൃകയാണെന്ന് നികിത ഭാട്ടിയുടെ ബന്ധുവായ ഭവാനി സിങ് ഭാട്ടി പറഞ്ഞു.
