ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഇല്ലാതായാല്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കും: ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍

Update: 2025-04-15 02:21 GMT

ന്യൂഡല്‍ഹി: ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഇല്ലാതായാല്‍ ജാലിയാന്‍ വാലാബാഗ് കൂട്ടക്കൊല ആവര്‍ത്തിക്കുമെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍. ഭരണഘടനയുടെ മേധാവിത്വം, നിയമവാഴ്ച, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നിവ ഭരണഘടനാ ഭേദഗതിയിലൂടെ പാര്‍ലമെന്റിന് ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ മാറ്റാനോ കഴിയില്ലെന്ന് അടിസ്ഥാന ഘടന സിദ്ധാന്തം പറയുന്നു. ഇത് പോയാല്‍ പിന്നെ ദൈവത്തിന് മാത്രമേ ഈ രാജ്യത്തെ രക്ഷിക്കാനാവൂയെന്നും ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ പറഞ്ഞു. 'ദി ബേസിക് സ്ട്രക്ചര്‍ ഡോക്ട്രിന്‍' എന്ന പുസ്‌കത്തിന്റെ പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട കേശവാനന്ദ ഭാരതി-സ്‌റ്റേറ്റ് ഓഫ് കേരള കേസിനെ കുറിച്ച് രോഹിങ്ടണ്‍ നരിമാന്‍ വിശദമായി സംസാരിച്ചു. ഭരണഘടന ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട സുപ്രധാനമായ കേസാണിത്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ ഭേദഗതി ചെയ്യാനാവില്ലെന്ന് ഈ കേസില്‍ സുപ്രിംകോടതി വിധിച്ചിരുന്നു. സുപ്രിംകോടതി ജഡ്ജി കെ വി വിശ്വനാഥന്‍, വിരമിച്ച ജഡ്ജി എ കെ സിക്രി, മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനു സിങ്‌വി എന്നിവര്‍ സംബന്ധിച്ചു.