ഇടുക്കിയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; കാറില്‍ രക്തക്കറ
ഇടുക്കി: ഏലപ്പാറയില്‍ യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍. തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈനാണ് (36) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഏലപ്പാറ ടൗണിന് സമീപം വാഗമണ്‍ റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പീരുമേട് പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഏലപ്പാറയില്‍ മത്സ്യവാപാരം നടത്തിവന്നിരുന്ന ആളാണ് ഷക്കീര്‍ ഹുസൈന്‍. ഇദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ രാത്രിയില്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനൊടുവിലാണ് കാറ് കണ്ടെത്തിയത്. വാഹനത്തിനുള്ളില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പീരുമേട് പോലിസ് അന്വേഷണം നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പിതാവ്: ഷാഹുല്‍ ഹമീദ്.