ഗസയില്‍ യുദ്ധക്കുറ്റം ചെയ്ത ഇസ്രായേലി സൈനികനെതിരേ മാഡ്രിഡില്‍ കേസ്

Update: 2025-09-28 10:08 GMT

മാഡ്രിഡ്: ഗസയില്‍ യുദ്ധക്കുറ്റം ചെയ്ത ഇസ്രായേലി സൈനികനെതിരേ സ്‌പെയ്‌നിലെ മാഡ്രിഡില്‍ കേസ്. ഇസ്രായേലി സൈന്യത്തിലെ കോംപാറ്റ് എഞ്ചിനീയറിങ് യൂണിറ്റിലെ മേജറായ ഒരാള്‍ക്കെതിരെയാണ് കേസ്. ഗസയില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. സൈന്യത്തില്‍ നിന്നും അവധിയെടുത്ത് സ്‌പെയ്‌നില്‍ പോവുന്ന കാര്യവും ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇതുകണ്ട ഫലസ്തീനി അഭയാര്‍ത്ഥിയായ അല്‍ ഹജ് അരഫാത്താണ് കേസ് കൊടുത്തത്. 2023ല്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ തന്റെ പത്തിലധികം കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നുവെന്നും കുടുംബ വീട് തകര്‍ത്തത് ഈ സൈനികന്റെ യൂണിറ്റാണെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. വംശഹത്യ തടയുന്നതിനുള്ള ജനീവ ഉടമ്പടിയുടെ 147ാം അനുഛേദം പ്രകാരം സ്‌പെയ്ന്‍ പോലിസിന് സൈനികനെതിരേ നടപടി സ്വീകരിക്കാവുന്നതാണ്.

ഒരാഴ്ച വംശഹത്യ നടത്തിയിട്ട് ശനിയും ഞായറും മാഡ്രിഡില്‍ വിശ്രമിക്കാന്‍ അനുവദിക്കില്ലെന്ന് പരാതിക്കാരന്റെ അഭിഭാഷകനായ അന്റോണിയോ സെഗുര പറഞ്ഞു. പ്രതി നാടുവിടുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യണമെന്ന് അന്റോണിയോ പോലിസിനോട് ആവശ്യപ്പെട്ടു. അതേസമയം, സൈനികന്‍ ഇപ്പോള്‍ ഹോട്ടല്‍ മുറിയില്‍ നിന്നും പുറത്തിറങ്ങുന്നില്ല. അറസ്റ്റ് ചെയ്യാന്‍ വേണ്ട തെളിവുകള്‍ നിലവില്‍ ഇല്ലെങ്കില്‍ പ്രതിയുടെ മൊഴി രേഖപ്പെടുത്തണമെന്നും അഭിഭാഷകര്‍ അഭ്യര്‍ത്ഥിച്ചു. ഈ മൊഴി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഉപയോഗിക്കാനാവും.