വെസ്റ്റ്ബാങ്കില്‍ സ്‌ഫോടനം; ഇസ്രായേലി സൈനികന്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

Update: 2025-01-20 16:06 GMT

റാമല്ലാ: വെസ്റ്റ്ബാങ്കില്‍ റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ഇസ്രായേലി സൈനികന്‍ മരിച്ചു. ബറ്റാലിയന്‍ കമാന്‍ഡര്‍ റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥന്‍ അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. ഇസ്രായേല്‍ സൈന്യത്തിലെ സര്‍ജന്റ് ഫസ്റ്റ്ക്ലാസ് റാങ്കിലുള്ള ബെന്‍ യെഹൂദയാണ് കൊല്ലപ്പെട്ടത്. എഫ്രായിം റീജ്യണല്‍ ബ്രിഗേഡിന്റെ 8211ാം റിസര്‍വ് ബറ്റാലിയന്‍ അംഗമാണ് ഇയാള്‍.

വെസ്റ്റ്ബാങ്കിലെ വടക്കന്‍ ഭാഗത്തെ താമുന്‍ പ്രദേശത്തുകൂടെ ഡേവിഡ് ലൈറ്റ് എന്ന കവചിത വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സൈനികസംഘമാണ് ആക്രമണത്തിന് ഇരയായതെന്ന് ഇസ്രായേലി സൈന്യം അറിയിച്ചു.


ഇസ്രായേലി അധിനിവേശ സേന വെസ്റ്റ്ബാങ്കില്‍ പട്രോളിങ് നടത്തുന്നു

കഴിഞ്ഞ വര്‍ഷം അവസാനം രണ്ടു ഇസ്രായേലി സൈനികരും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. ഫലസ്തീനികളെ അറസ്റ്റ് ചെയ്യാന്‍ വരുമ്പോള്‍ കുഴിബോംബുകളും റോഡരികില്‍ സ്ഥാപിച്ച ബോംബുകളും പൊട്ടിത്തെറിക്കുന്നത് സ്ഥിരസംഭവമായിരിക്കുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.