ഇസ്രായേലി സൈന്യത്തിന്റെ നീക്കങ്ങള്‍ പഠിച്ചാണ് ഹമാസ് ആക്രമിച്ചതെന്ന് ഹീബ്രു മാധ്യമങ്ങള്‍
തെല്‍അവീവ്: ഇസ്രായേലി സൈന്യത്തിന്റെ നീക്കങ്ങള്‍ പഠിച്ചാണ് ഗസയിലെ ബെയ്ത്ത് ഹാനൂനില്‍ ഹമാസ് ആക്രമണം നടത്തിയതെന്ന് ഹീബ്രു മാധ്യമങ്ങള്‍. ക്ഫിര്‍ ബ്രിഗേഡിന്റെ നെത്സാഹ യെഹൂദ ബറ്റാലിയനാണ് ഇന്നലെ ആക്രമണത്തിന് ഇരയായത്. ആറു സൈനികരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പതിനാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ടാങ്കുകള്‍ക്കും കവചിത വാഹനങ്ങള്‍ക്കുമൊപ്പം നടന്നു പോവുകയായിരുന്ന സൈനികരുടെ അടുത്ത് നാലോ അഞ്ചോ കുഴിബോംബുകള്‍ പൊട്ടുകയായിരുന്നു. മുന്‍ ദിവസങ്ങളില്‍ ഇസ്രായേലി സൈന്യം ഈ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. അപ്പോഴൊന്നും കണ്ടെത്താന്‍ കഴിയാത്ത ബോംബുകളാണ് ഇപ്പോള്‍ പൊട്ടിയത്. അതിനാല്‍, രണ്ടു ദിവസത്തിനുള്ളിലാണ് ഇവിടെ കുഴിംബോംബുകള്‍ സ്ഥാപിച്ചതെന്നാണ് അനുമാനം. അതായത്, ഇസ്രായേലി സൈന്യം ഈ വഴി വരുമെന്ന് ഹമാസ് അനുമാനിച്ചിരുന്നു.
പരിക്കേറ്റവരെ രക്ഷിക്കാനായി എത്തിയ സൈനികരെയും ഹമാസ് ആക്രമിച്ചു. റിസര്‍വ് സൈനികര്‍ എത്താവുന്ന വഴികളിലും കുഴിംബോംബുകള്‍ സ്ഥാപിച്ചിരുന്നു. സ്വന്തം സൈനികരുള്ളതിനാല്‍ പ്രദേശത്ത് വ്യോമാക്രമണം നടത്താനും ഇസ്രായേലിന് കഴിഞ്ഞില്ല. റിസര്‍വ് പാരാ ട്രൂപ്പേഴ്‌സും നോര്‍ത്തേണ്‍ ബ്രിഗേഡും നെത്സാഹ യെഹൂദ ബറ്റാലിയനും പ്രദേശത്ത് കരയുദ്ധം നടത്തുന്നത്. ഇസ്രായേലി സൈന്യത്തെ മുറിവേല്‍പ്പിച്ച് മുറിവേല്‍പ്പിച്ച് പരാജയപ്പെടുത്തുമെന്ന് അല്‍ ഖസ്സം ബ്രിഗേഡ് വക്താവ് അബു ഉബൈദ പ്രസ്ഥാവനയില്‍ പറഞ്ഞു.