ഹമാസുമായി കരാറില്‍ ഏര്‍പ്പെടുന്നതാണ് നല്ലതെന്ന് ഇസ്രായേല്‍ സൈനിക മേധാവി; എതിര്‍ത്ത് ധനമന്ത്രി
തെല്‍അവീവ്: ഗസയില്‍ ഇനിയും യുദ്ധം ചെയ്താല്‍ തടവുകാര്‍ കൊല്ലപ്പെട്ടേക്കാമെന്ന് ഇസ്രായേലി സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍. ഹമാസുമായി വെടിനിര്‍ത്തലില്‍ ഏര്‍പ്പെടുന്നതാണ് ഗസയിലെ തടവുകാരെ തിരികെ കിട്ടാന്‍ നല്ലതെന്ന് ഇയാല്‍ സാമിര്‍ സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍, ഈ നിര്‍ദേശത്തെ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ചോദ്യം ചെയ്തു.
ഹമാസിനെ പരാജയപ്പെടുത്തിയിട്ട് തടവുകാരെ തിരികെ കൊണ്ടുവന്നാല്‍ മതിയെന്ന് സ്‌മോട്രിച്ച് പറഞ്ഞു. തടവുകാരെ മോചിപ്പിക്കുന്നതിലും പ്രധാനം ഹമാസിനെ പരാജയപ്പെടുത്തുന്നതാണെന്നും സ്‌മോട്രിച്ച് അഭിപ്രായപ്പെട്ടു. വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടുക, ഫലസ്തീനികളെ സ്ഥലം മാറ്റി ഹമാസിനെ ഇല്ലാതാക്കുക, ഗസ പൂര്‍ണമായും പിടിച്ചെടുക്കുക എന്നീ മൂന്നു മാര്‍ഗങ്ങളാണ് മുന്നിലുള്ളൂയെന്നാണ് സ്‌മോട്രിച്ച് അടക്കമുള്ള മന്ത്രിമാരുടെ നിലപാട്. അതില്‍ ആദ്യമാര്‍ഗം സ്വീകരിക്കരുതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, 2023 മുതല്‍ യുദ്ധം ചെയ്യുന്ന സൈന്യത്തിന്റെ നിലപാട് മറിച്ചായി മാറിയിട്ടുണ്ട്. ഗസയില്‍ സൈന്യത്തിന് നേട്ടങ്ങളൊന്നുമില്ലെന്നും സൈനികരും ഫലസ്തീനികളും കൊല്ലപ്പെടുക മാത്രമാണ് ചെയ്യുന്നതെന്ന് ജൂതരിലെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, ഇയാല്‍ സാമിറിന് പിന്തുണയുമായി തടവുകാരുടെ കുടുംബങ്ങള്‍ രംഗത്തെത്തി.