ഐസിയു പീഡനക്കേസ്: വൈദ്യപരിശോധനയിലും മൊഴിരേഖപ്പെടുത്തിയതിലും വീഴ്ച്ച പറ്റിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വൈദ്യപരിശോധന നടത്തിയതിലും റിപോര്‍ട്ട് തയ്യാറാക്കിയതിലും വീഴ്ച്ചപറ്റിയതായി മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണവിഭാഗം ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. വൈദ്യ പരിശോധന കൃത്യമായ മാനദണ്ഡപ്രകാരം നടത്തുന്നതില്‍ സീനിയര്‍ റെസിഡന്റ് ആയിരുന്ന ഡോക്ടര്‍ പ്രീതിക്ക് വീഴ്ചപറ്റിയെന്നും പ്രീതി രേഖപ്പെടുത്തിയ മൊഴിയിലും അതിജീവിത പറഞ്ഞ കാര്യങ്ങളിലും വൈരുധ്യമുണ്ടെന്നും സംഭവത്തിന്റെ ഗൗരവം അറിയാതെയാണ് പ്രീതി വൈദ്യ പരിശോധന നടത്തിയതെന്നുമാണ് റിപോര്‍ട്ടില്‍ പറയുന്നത്.
പീഡനത്തെ കുറിച്ച് അതിജീവിത വെളിപ്പെടുത്തിയിരുന്നെങ്കിലും ഇതിനെ നിസ്സാരവത്കരിക്കുന്ന രീതിയിലാണ് ഡോ. പ്രീതി മൊഴി രേഖപ്പെടുത്തിയത്. അതിജീവിതയുടെ ശരീരപരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. മെഡിക്കോ ലീഗല്‍ പരിശോധനയ്ക്കായി പോലിസ് നല്‍കിയ അപേക്ഷ വായിക്കാതെയാണ് പ്രീതി വൈദ്യപരിശോധനയ്ക്ക് എത്തിയത്. മൊഴി രേഖപ്പെടുത്തിയത് ഇംഗ്ലീഷിലായതിനാല്‍ അത് വായിച്ച് കേള്‍പ്പിച്ചസമയത്ത് അതിജീവിതയ്ക്ക് വൈരുധ്യം തിരിച്ചറിയാനായില്ലെന്നും റിപോര്‍ട്ട് പറയുന്നു. 2023 മാര്‍ച്ച് 18നാണ് തൈറോയിഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതി പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവില്‍ വെച്ച് പീഡനത്തിന് ഇരയായത്. അറ്റന്‍ഡര്‍ ശശീന്ദ്രന്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.
