ഹേഗ്: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ആഭ്യന്തരയുദ്ധകാലത്ത് ഒരുലക്ഷത്തോളം പേരെ കൊലപ്പെടുത്തിയ ലോര്‍ഡ് റെസിസ്റ്റന്‍സ് ആര്‍മി നേതാവ് ജോസഫ് കോണിക്കെതിരായ കേസുകളില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിചാരണ തുടങ്ങി. 2002-05 കാലത്ത് നിരവധി ബലാല്‍സംഗങ്ങളും കസ്റ്റഡി പീഡനങ്ങളും തട്ടിക്കൊണ്ടുപോവലുകളും ലോര്‍ഡ്‌സ് റെസിസ്റ്റന്‍സ് ആര്‍മി നടത്തിയെന്നും കേസുകളുണ്ട്. 2005ല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വാറന്‍ഡ് ഇറക്കിയതിന് ശേഷം ജോസഫ് കോണി ഒളിവില്‍ പോയി. അടുത്ത മൂന്നു ദിവസം കോടതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ വാദം അവതരിപ്പിക്കും. പ്രതിയെ കസ്റ്റഡിയില്‍ കിട്ടാതെ കോടതിക്ക് കുറ്റം ചുമത്താനാവില്ല.
1961ല്‍ ഉഗാണ്ടയിലെ ഓഡക് ഗ്രാമത്തില്‍ ജനിച്ച ജോസഫ് കോണി കത്തോലിക്ക പള്ളിയിലെ ആള്‍ത്താര ബോയ് ആയിരുന്നു. 1980കളില്‍ സര്‍ക്കാരിനെതിരേ കലാപം തുടങ്ങി. സര്‍ക്കാര്‍ സൈന്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ കോംഗോയിലേക്കും സുഡാനിലേക്കും സായുധം സംഘം പിന്‍വാങ്ങി. ഏകദേശം ഒരുലക്ഷം പേര്‍ കൊല്ലപ്പെടാനും 25 ലക്ഷം പേര്‍ പലായനം ചെയ്യാനും സംഘടന കാരണമായിട്ടുണ്ട്.