യുഎസ് ഉപരോധത്തെ അപലപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി; നീതി നടപ്പാക്കുന്നത് തുടരുമെന്ന് പ്രഖ്യാപനം

Update: 2025-02-07 17:06 GMT

ഹേഗ്: ഗസവംശഹത്യയില്‍ ഇസ്രായേലിനെതിരെ അന്വേഷണം നടത്തിയതിന് തങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് സര്‍ക്കാര്‍ നടപടിയെ അപലപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. സ്വതന്ത്രവും നിഷ്പക്ഷവുമായ നിയമപ്രവര്‍ത്തനങ്ങള്‍ തടയാന്‍ യുഎസ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അപലപനീയമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി(ഐസിസി) പ്രസ്താവനയില്‍ പറഞ്ഞു. അതിക്രമങ്ങള്‍ക്ക് ഇരയായ നിരപരാധികള്‍ക്ക് നീതിയും പ്രത്യാശയും നല്‍കുന്നത് തുടരുമെന്നും ഐസിസി പ്രതിജ്ഞയെടുത്തു. നീതിക്കും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ഐക്യത്തോടെ നിലകൊള്ളാന്‍ 125 അംഗരാജ്യങ്ങളോട് ഐസിസി അഭ്യര്‍ത്ഥിച്ചു.

യുഎസ് തീരുമാനത്തിനെതിരേ യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി. ഐസിസിക്കെതിരായ ഉപരോധങ്ങള്‍ സ്വാതന്ത്ര്യത്തിനും വിശാലമായ നീതിന്യായ വ്യവസ്ഥയ്ക്കും ഭീഷണിയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നത് ലോകത്തിന് നല്ലതല്ലെന്ന് യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന യൂറോപ്യന്‍ കൗണ്‍സിലിന്റെ തലവനായ അന്റോണിയോ കോസ്റ്റ സാമൂഹിക മാധ്യമമായ എക്‌സില്‍ എഴുതി.

റഷ്യ-യുക്രൈയ്ന്‍ യുദ്ധത്തിലെ അന്വേഷണത്തെയും നടപടികളെയും യുഎസ് സര്‍ക്കാരിന്റെ ഉത്തരവ് ബാധിക്കുമെന്നും അന്റോണിയോ കോസ്റ്റ പറഞ്ഞു. അതിനാല്‍ യുഎസ് ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ ഐസിസിയെ ബാധിക്കാതിരിക്കാന്‍ വേണ്ട തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.