തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ഇന്റലിജന്‍സ് ബ്യൂറോ (ഐബി). കേസില്‍ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും അന്വേഷണം വേണമെന്നതിനാല്‍ യഥാര്‍ഥവസ്തുത പുറത്തുവരണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റലിജന്‍സിന് നല്‍കിയ റിപോര്‍ട്ടിലെ ശുപാര്‍ശ. കേരള ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. സ്വര്‍ണക്കൊള്ളയ്‌ക്കൊപ്പം കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നതിനാല്‍ ഇ.ഡി.യുടെ അന്വേഷണവും ഐബി മുന്നോട്ടുവെക്കുന്നുണ്ട്. കേസിലെ അന്താരാഷ്ട്രമാനങ്ങളെക്കുറിച്ച് ഹൈക്കോടതി പ്രകടിപ്പിച്ച ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഐബി പ്രാഥമിക വിവരശേഖരണത്തിന് തയ്യാറായത്.
സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി വലുതെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപോര്‍ട്ട് പറയുന്നത്. ക്ഷേത്ര ശ്രീകോവിലിന്റെ കട്ടിളയുടെ മൊത്തം ഏഴു പാളികളിലെ സ്വര്‍ണമാണ് കവര്‍ന്നത്. കട്ടിളയ്ക്ക് മുകളിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചു. കട്ടിളപ്പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണവും നഷ്ടപ്പെട്ടു.