അക്യുപങ്ചറിനെതിരായ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഐഎപിഎ

Update: 2025-09-03 04:21 GMT

കോഴിക്കോട്: അക്യുപങ്ചര്‍ ചികിത്സക്കെതിരായ വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ ജാഗ്രത വേണമെന്ന് ഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍(ഐഎപിഎ). അലോപ്പതി ആശുപത്രികളും ഏതാനും ചില മാധ്യമങ്ങളും ചേര്‍ന്ന് 'അക്യുപങ്ചര്‍ ഫോബിയ' സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നതിന്റെ അവസാന ഉദാഹരണമാണ് അടുത്തിടെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലെ ഒരു യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് അക്യുപങ്ചറിനെ നിര്‍ത്താനുളള ബോധപൂര്‍വമായ ശ്രമങ്ങളിലൂടെ മനസ്സിലാകുന്നത്. മാസങ്ങളായി അലോപതി ചികിത്സയിലായിരുന്നിട്ടും അവര്‍ മരണപ്പെടുമ്പോള്‍ അക്യുപങ്ചര്‍ ചികിത്സസക്കിടയില്‍ യുവതി മരിച്ചു എന്ന രീതിയിലാണ് ഈ സംഭവം ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. അക്യുപങ്ചര്‍ ഒരു ചികില്‍സാ രീതിയാണെന്ന് 2003ല്‍ പാര്‍ലമെന്റ്് അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അതൊക്കെയും പാടെ മറച്ച് വെച്ചു കൊണ്ടാണ് അക്യുപങ്ചര്‍ ചികിത്സ വ്യാജമാണ് എന്ന് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്നത്. 2021 ലെ NCAHP ആക്ടില്‍ 2024 സെപ്റ്റംബര്‍ മാസം അക്യുപങ്ചറിനെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളില്‍ പോലും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച, പ്രതീക്ഷയറ്റ രോഗികള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമായി മാറിക്കൊണ്ടിരിക്കുന്ന അക്യുപങ്ചര്‍ ചികിത്സക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഐഎപിഎ സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു.