വ്യോമസേനയുടെ എയര്‍ സ്ട്രിപ്പ് വിറ്റ രണ്ടു പേര്‍ക്കെതിരേ കേസ്; മൂന്നു യുദ്ധങ്ങളില്‍ ഉപയോഗിച്ച എയര്‍ സ്ട്രിപ്പാണിത്
ഫിറോസ്പൂര്‍(പഞ്ചാബ്): വ്യാജരേഖ ചമച്ച് വ്യോമസേനയുടെ എയര്‍ സ്ട്രിപ്പ് വിറ്റ രണ്ടു പേര്‍ക്കെതിരെ കേസ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച് 1962, 1965, 1971 യുദ്ധങ്ങളില്‍ ഉപയോഗിച്ച എയര്‍സ്ട്രിപ്പാണ് ഒരു അമ്മയും മകനും 1997 കാലത്ത് വിറ്റത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിപ്പെട്ടത്. ഉഷ അന്‍സല്‍, മകന്‍ നവീന്‍ ചന്ദ് എന്നിവരാണ് കേസിലെ പ്രതികള്‍. റെവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് ഡിഎസ്പി കരണ്‍ ശര്‍മ പറഞ്ഞു. ആള്‍മാറാട്ടം, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഗൂഡാലോചന, സ്വത്ത് തട്ടല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഫത്തുവല്ല ഗ്രാമത്തിലാണ് ഈ എയര്‍സ്ട്രിപ്പുള്ളത്. 1945ലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ എയര്‍സ്ട്രിപ്പിനായി ഭൂമി എടുത്തത്. സ്വാതന്ത്ര്യത്തിന് ശേഷം എയര്‍സ്ട്രിപ് വ്യോമസേനയുടെ കൈയ്യിലെത്തി. 1997ല്‍ ചിലര്‍ ഈ ഭൂമിയില്‍ താമസം തുടങ്ങി. 2021ല്‍ ഹല്‍വാര എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ കമാന്‍ഡന്റ് ഫിറോസ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കി. പരാതിയില്‍ നടപടിയുണ്ടാവാത്തതിനാല്‍ നവീന്‍ എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവായത്. ഭൂമിയുടെ ആദ്യ ഉടമയയായിരുന്ന മദന്‍ മോഹന്‍ലാല്‍ 1991ല്‍ മരിച്ചിരുന്നു. പക്ഷേ, 1997ല്‍ ഈ ഭൂമി സുര്‍ജിത് കൗര്‍, മണ്‍ജിത് കൗര്‍, മുഖ്ത്യാര്‍ സിംഗ്, ജാഗിര്‍ സിംഗ്, ധാരാ സിംഗ്, രമേശ് കാന്ത്, രാകേഷ് കാന്ത് എന്നിവര്‍ക്ക് വിറ്റതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായി 2025 മേയില്‍ ഭൂമി പ്രതിരോധ മന്ത്രാലയത്തിന് തിരികെ ലഭിച്ചു. പക്ഷേ, ക്രിമിനല്‍ നിയമനടപടികള്‍ തുടരും.
