''ഞങ്ങള്‍ക്ക് ഒരിക്കലും സമാധാനം ലഭിക്കില്ല'': മലേഗാവ് സ്‌ഫോടന ഇരകളുടെ കുടുംബങ്ങള്‍

Update: 2025-07-31 07:27 GMT

മുംബൈ: 2006ലെ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളായ ഹിന്ദുത്വരെ വെറുതെവിട്ട വിധിയില്‍ ദുഖിതരായി ഇരകളുടെ കുടുംബങ്ങള്‍. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേസ് നടത്തിയതെന്ന് 75കാരനായ നിസാര്‍ ബിലാല്‍ പറഞ്ഞു. നിസാറിന്റെ 19കാരനായ മകന്‍ അസ്ഹര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഹാഫിളാവാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് അസ്ഹര്‍ മസ്ജിദിന് സമീപം എത്തിയിരുന്നത്. അപ്പോഴാണ് സ്‌ഫോടനം നടന്നത്. കേസിലെ പ്രതികള്‍ ജാമ്യാപേക്ഷകള്‍ നല്‍കിയപ്പോഴെല്ലാം നിസാര്‍ ബിലാല്‍ കോടതിയില്‍ എതിര്‍പ്പ് അറിയിക്കുമായിരുന്നു. സ്‌ഫോടനം നടന്നിട്ട് 17 വര്‍ഷമായിട്ടും അദ്ദേഹം കേസ് പിന്തുടര്‍ന്നിരുന്നു.

''നീതിയിലുള്ള ജനങ്ങളുടെ പ്രതീക്ഷ കൈവെടിയരുത് എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. ഇന്നല്ലെങ്കില്‍ നാളെ നീതി ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഇന്നത്തെ വിധി ആ ബോധ്യത്തെ തകര്‍ത്തു.''- നിസാര്‍ ബിലാല്‍ പറഞ്ഞു.

മിഠായി വാങ്ങാന്‍ പുറത്തിറങ്ങിയ പത്തുവയസുകാരനായ ഫര്‍ഹീന്‍ ശെയ്ഖും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഫര്‍ഹീന്റെ പിതാവ് ലിയാഖത്ത് ശെയ്ഖ്(67) കഴിഞ്ഞ 17 വര്‍ഷമായി കേസിന്റെ പിന്നാലെയായിരുന്നു.


'' ഈ വാര്‍ത്ത ഞങ്ങളെ നിരാശരാക്കി. ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് ഞാന്‍. കോടതികള്‍ ഇതുപോലുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എനിക്ക് ഒരിക്കലും സമാധാനം കണ്ടെത്താന്‍ കഴിയില്ല.''-അദ്ദേഹം പറഞ്ഞു.

നിസാറും ലിയാഖത്തും കേസില്‍ സജീവമായി ഇടപെട്ടെങ്കിലും മറ്റു കുടുംബങ്ങള്‍ രണ്ടു പതിറ്റാണ്ട് മുമ്പത്തെ നഷ്ടങ്ങളെ വിധിയായി കണക്കാക്കി ദൈനംദിന അതിജീവനത്തിന് മുന്‍ഗണന നല്‍കി. സ്‌ഫോടനത്തില്‍ പിതാവ് റഫീഖ് ശെയ്ഖ് കൊല്ലപ്പെട്ടതിനാല്‍ കുടുംബം നോക്കാന്‍ ജോലിക്ക് പോവാന്‍ നിര്‍ബന്ധിതയായെന്ന് മകന്‍ റെഹാന്‍ ശെയ്ഖ് പറഞ്ഞു. ഇപ്പോള്‍ മലേഗാവ്-മുംബൈ റൂട്ടില്‍ ബസ് കണ്ടക്ടറാണ് റെഹാന്‍. പിതാവ് മരിച്ചതിനാല്‍ ഉമ്മയേയും വല്ലുമ്മയേയും നോക്കാനായി ജോലി ചെയ്യേണ്ടി വന്നുവെന്നും കേസ് പിന്തുടരാന്‍ സമയം കിട്ടിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കേസിലെ പ്രതി പ്രഗ്യാ സിങ് താക്കൂറിനെ വിചാരണ തീരും മുമ്പ് തന്നെ ബിജെപി എംപിയാക്കിയത് കേസിനെ സ്വാധീനിച്ചെന്നും കുടുംബങ്ങള്‍ പറയുന്നു.