''എല്ലാ മതങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു'' : വിഷ്ണു വിഗ്രഹ കേസിലെ പരാമര്‍ശങ്ങളില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്:

Update: 2025-09-18 14:16 GMT

ന്യൂഡല്‍ഹി: എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നയാളാണ് താനെന്ന് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ്. മധ്യപ്രദേശിലെ ജാവരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹ കേസ് കഴിഞ്ഞ ദിവസം പരിഗണിക്കുമ്പോള്‍ നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് വിശദീകരണം. വിഷ്ണു വിഗ്രഹം ഖജുറാഹോയിലെ യുനെസ്‌കോ പട്ടികയിലുള്ള പ്രദേശത്ത് സ്ഥാപിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാല്‍, അത് സുപ്രിംകോടതിയുടെ പണിയല്ലെന്ന് ചീഫ്ജസ്റ്റിസ് പറഞ്ഞു. '' 'ഇപ്പോള്‍ പോയി ദേവനോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ പറയൂ. നിങ്ങള്‍ വിഷ്ണുവിന്റെ കടുത്ത ഭക്തനാണെന്ന് പറയുന്നു. അതിനാല്‍ ഇപ്പോള്‍ പോയി പ്രാര്‍ത്ഥിക്കൂ. അതൊരു പുരാവസ്തു സ്ഥലമാണ്, എഎസ്ഐ അനുമതി നല്‍കേണ്ടതുണ്ട്. ക്ഷമിക്കണം''- കേസില്‍ ഇടപെടാന്‍ വിസമ്മതിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് സോഷ്യല്‍മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. തുടര്‍ന്നാണ് ചീഫ്ജസ്റ്റിസ് വിശദീകരണം നല്‍കിയത്.