ബറെയ്‌ലിയിലെ പോലിസ് അതിക്രമം: സമാജ്‌വാദി പാര്‍ട്ടി പ്രതിനിധി സംഘത്തെ തടഞ്ഞ് പോലിസ്; സംഭല്‍ എംപി വീട്ടുതടങ്കലില്‍
ഗാസിപ്പൂര്‍: 'ഐ ലവ് മുഹമ്മദ്' ബാനറുകളുമായി മാര്‍ച്ച് നടത്തിയവര്‍ പോലിസ് അതിക്രമത്തിന് ഇരയായ ബറെയ്‌ലി സന്ദര്‍ശിക്കാന്‍ പോയ സമാജ്‌വാദി പാര്‍ട്ടി പ്രതിനിധി സംഘത്തെ പോലിസ് തടഞ്ഞു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് മാതാ പ്രസാദ് പാണ്ഡെ അടക്കമുള്ള സംഘത്തെയാണ് ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ പോലിസ് തടഞ്ഞത്. എംപിമാരായ മൊഹീബുല്ല നഖ്‌വി, ഇഖ്ര ഹസന്‍, ഹരേന്ദ്ര സിങ് മാലിക് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. പോലിസ് നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ തെളിവാണെന്ന് ഇഖ്ര ഹസന്‍ പറഞ്ഞു. 'എന്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങളെ വഴിയില്‍ തടയുന്നതെന്ന് മനസ്സിലാകുന്നില്ല. സര്‍ക്കാര്‍ ഞങ്ങളോടൊപ്പം വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ ഒന്നും മറയ്ക്കാന്‍ ശ്രമിക്കുന്നില്ല. ഞങ്ങള്‍ക്ക് ഒരു അജണ്ടയുമില്ല... ബറെയ്‌ലിയിലേക്ക് പോകാന്‍ ഞങ്ങളെ അനുവദിക്കാത്തതിലൂടെ യുപി സര്‍ക്കാര്‍ അവരുടെ ഏത് ദുഷ്പ്രവൃത്തിയാണ് മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്നതെന്ന് എനിക്കറിയില്ല...''-ഇഖ്ര ഹസന്‍ പറഞ്ഞു.അതേസമയം, സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖിനെ ഇന്നലെ മുതല്‍ പോലിസ് വീട്ടുതടങ്കലിലാക്കി. ഇന്ന് ബറെയ്‌ലിയില്‍ പോവാന്‍ ഇരിക്കുകയായിരുന്നു അദ്ദേഹം.