''ഫലസ്തീന്‍ ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു'': അനസ് അല്‍ ശരീഫിന്റെ അവസാന സന്ദേശം
ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ സയണിസ്റ്റ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ ജസീറ അറബിക് റിപോര്‍ട്ടര്‍ അനസ് അല്‍ ശരീഫിന്റെ അവസാന സന്ദേശം പുറത്ത്. ജബാലിയ അഭയാര്‍ത്ഥി കാംപില്‍ ജനിച്ച അനസ് അല്‍ ശരീഫ് ഗസയുടെ ദുരവസ്ഥ ലോകത്തെ അറിയിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചിരുന്നു. അനസിന്റെ ജീവന്‍ അപകടത്തിലാണെന്ന് രണ്ടാഴ്ച മുമ്പ് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേലി സൈനിക വക്താവിന്റെ നിരന്തര ഭീഷണികളായിരുന്നു മുന്നറിയിപ്പിന് കാരണം.
എന്നാല്‍, താന്‍ കൊല്ലപ്പെട്ടാല്‍ വീട്ടുകാര്‍ക്കും ഫലസ്തീനികള്‍ക്കും നല്‍കാനായി അനസ് ഒരു സന്ദേശം തയ്യാറാക്കി വച്ചിരുന്നു.
സന്ദേശത്തിന്റെ മലയാള പരിഭാഷ
ഇതാണ് എന്റെ ഒസ്യത്തും അവസാന സന്ദേശവും.
എന്റെ വാക്കുകള്‍ നിങ്ങളെ തേടിയെത്തിയാല്‍, എന്നെ കൊല്ലുന്നതിലും എന്റെ ശബ്ദം നിശബ്ദമാക്കുന്നതിലും ഇസ്രായേല്‍ വിജയിച്ചു എന്ന് അറിയുക.
ആദ്യമായി, നിങ്ങള്‍ക്ക് സമാധാനവും ദൈവത്തിന്റെ കരുണയും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
ജബലിയ അഭയാര്‍ത്ഥി ക്യാംപില്‍ ഞാന്‍ ജീവിതത്തിലേക്ക് കണ്ണുതുറന്നതു മുതല്‍ എന്റെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കാനും അവരുടെ ശബ്ദമാകാനും എന്റെ പക്കലുള്ള എല്ലാ കഴിവും ശക്തിയും നല്‍കിയെന്ന് ദൈവത്തിന് അറിയാം. ഇസ്രായേലികള്‍ കൈയ്യടക്കി വച്ചിരിക്കുന്ന ഞങ്ങളുടെ മാതൃനഗരമായ അസ്‌കലാനിലേക്ക് (അല്‍ മജ്ദല്‍) കുടുംബത്തോടൊപ്പം മടങ്ങുന്ന കാലം വരെ ജീവിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍, ദൈവത്തിന്റെ ഇഷ്ടമാണ് ആദ്യം വന്നത്, അത് അന്തിമമാണ്.
വേദനകളും നഷ്ടങ്ങളും ഞാന്‍ പല തവണ അറിഞ്ഞു. എന്നിട്ടും, കള്ളമോ വളച്ചൊടിക്കലോ ഇല്ലാതെ, സത്യം പറയുന്നത് നിര്‍ത്തിയില്ല. നിശബ്ദത പാലിച്ചവരെയും നമ്മുടെ ജനതയുടെ കൊലപാതകങ്ങളെ അംഗീകരിച്ചവരെയും ഒന്നരവര്‍ഷമായി നടക്കുന്ന കൂട്ടക്കൊലകള്‍ തടയാന്‍ ഒന്നും ചെയ്യാത്തവരെയും ദൈവം കാണും.
മുസ്‌ലിം കിരീടത്തിലെ രത്‌നവും ലോകത്തിലെ സ്വതന്ത്രരായ വ്യക്തികളുടെ ഹൃദയമിടിപ്പുമായ ഫലസ്തീന്‍ ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു. ഇസ്രായേലി ബോംബുകളും മിസൈലുകളുമേറ്റ്, ശുദ്ധമായ ശരീരം തകര്‍ന്ന ആളുകളെയും കുട്ടികളെയും ഞാന്‍ നിങ്ങള്‍ ഏല്‍പ്പിക്കുന്നു.
അതിര്‍ത്തികള്‍ നിങ്ങളെ നിയന്ത്രിക്കുകയോ ചങ്ങലകള്‍ നിങ്ങളെ നിശബ്ദരാക്കുകയോ ചെയ്യരുത്. നമ്മുടെ കവര്‍ന്നെടുക്കപ്പെട്ട മാതൃരാജ്യത്തിന് മുകളില്‍ അന്തസിന്റെയും സ്വാതന്ത്ര്യത്തിന്റേയും സൂര്യന്‍ ഉദിക്കുന്നതു വരെ ഭൂമിയുടെയും ജനങ്ങളുടെയും മോചനത്തിലേക്കുള്ള പാലങ്ങളാവുക.
എന്റെ കുടുംബത്തെ ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു: എന്റെ പ്രിയ മകള്‍ ഷാം; പ്രിയ മകന്‍ സലാ, പ്രാര്‍ത്ഥനകള്‍ കൊണ്ട് എന്നെ സംരക്ഷിച്ച ഉമ്മ, എന്റെ അഭാവത്തില്‍ ശക്തിയും വിശ്വാസവും കൊണ്ട് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച ഭാര്യ ബയാന്‍ (ഉം സലാ). ദൈവത്തിന് ശേഷം അവര്‍ക്കൊപ്പം നില്‍ക്കുക.
ഞാന്‍ മരിക്കുകയാണെങ്കില്‍, വിശ്വാസത്തില്‍ ഉറച്ചുനിന്നായിരിക്കും മരിക്കുക. ദൈവത്തിന്റെ വിധിയില്‍ ഞാന്‍ സംതൃപ്തനാണെന്നും നമ്മുടെ കൂടിക്കാഴ്ചയെക്കുറിച്ച് ഉറപ്പുണ്ടെന്നും ദൈവത്തിന്റെ പക്കലുള്ളത് മികച്ചതും ശാശ്വതവുമാണെന്ന് ബോധ്യമുണ്ടെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.
ദൈവമേ, എന്നെ രക്തസാക്ഷികളുടെ കൂട്ടത്തില്‍ സ്വീകരിക്കണമേ, എന്റെ പാപങ്ങള്‍ ക്ഷമിക്കണമേ, എന്റെ രക്തത്തെ എന്റെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പാതയെ പ്രകാശിപ്പിക്കുന്നതാക്കണമേ. എനിക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമേ, കരുണയോടെ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ, ഞാന്‍ എന്റെ പ്രതിജ്ഞ പാലിച്ചു, ഒരിക്കലും അതില്‍ നിന്നും മാറിയിട്ടില്ല.
ഗസയെ മറക്കരുത്... നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ മറക്കരുത്.
അനസ് ജമാല്‍ അല്‍ ശരീഫ്
ഏപ്രില്‍ 6, 2025

