ദോഹ: നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനും ഖത്തറിലെ വ്യാപാരപ്രമുഖനുമായ തൃശൂര്‍ തൊഴിയൂര്‍ സ്വദേശി പി പി ഹൈദര്‍ ഹാജി (90) അന്തരിച്ചു. ഹൈസണ്‍ ഹൈദര്‍ഹാജി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
1962 ജനുവരിയില്‍ കപ്പലില്‍ ഖത്തറിലെത്തിയ അദ്ദേഹം പഴയകാല പ്രവാസികളിലൊരാളാണ്. 48 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാമിലി ഫുഡ് സെന്റര്‍ എന്ന സ്ഥാപനം സ്ഥാപിച്ചു. 1974ല്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂളിന് തുടക്കം കുറിക്കാന്‍ നേതൃത്വം വഹിച്ചു. ദയാപുരം അല്‍ഇസ്‌ലാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ തുടക്കക്കാരില്‍ ഒരാളാണ്. ദയാപുരം സ്ഥാപനങ്ങളുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. ദോഹ, എംഇഎസ് പ്രസിഡന്റായിരുന്നു. ചിറ്റിലപ്പള്ളിയിലെ ഐഡിയല്‍ എഡ്യുക്കേഷന്‍ സൊസൈറ്റി വിദ്യാഭ്യാസ സമുച്ഛയങ്ങളുടെ സ്ഥാപക ചെയര്‍മാനാണ്. ഫാമിലി ഫുഡ്സെന്ററിന്റെ മാനേജിംഗ് ഡയരക്ടര്‍, ഹൈസണ്‍ മോട്ടോര്‍സ് മാനേജിംഗ് ഡയരക്ടര്‍, കോഴിക്കോട് ഹൈസണ്‍ ഹോട്ടല്‍ മാനേജിംഗ് ഡയരക്ടര്‍ എന്നിങ്ങനെ പ്രവര്‍ത്തിച്ച അദ്ദേഹം ഓവര്‍സീസ് കോണ്‍ഗ്രസ്സ് പ്രസിഡന്റായി രാഷ്ട്രീയ രംഗത്തും ഇടപെടല്‍ നടത്തി.
ഭാര്യ: പരേതയായ എം ജമീല. ഫൈസല്‍, ജമാല്‍, അന്‍വര്‍, ആഷിഖ് (നാലുപേരും ഫാമിലി ഫുഡ്സെന്റര്‍) നസീമ മക്കളാണ്. മരുമകന്‍ അശ്റഫ് (ന്യൂഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ്). ദോഹയിലെ അബൂഹമൂറില്‍ ഇന്ന് രാത്രി ഖബറടക്കും.