പിതാവിനെ പോലിസ് വെടിവച്ചു കൊന്നു; 26 വര്‍ഷത്തിന് ശേഷം 'ഒറ്റുകാരനെ' കൊന്ന് മകന്‍
ഹൈദരാബാദ്: പിതാവിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ പോലിസിന് വിവരം നല്‍കിയ ആളെ 26 വര്‍ഷത്തിന് ശേഷം മകന്‍ കൊലപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ ജി വെങ്കട്ട രത്‌ന(54)മാണ് ഇന്നലെ കൊല്ലപ്പെട്ടത്. 1999ല്‍ പോലിസ് നടത്തിയ വെടിവയ്പില്‍ കൊലപ്പെടുത്തിയ സുദേഷ് സിങ് എന്നയാളുടെ മകന്‍ ചന്ദന്‍ സിങാണ് സംഭവത്തില്‍ അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചു. മകളെ സ്‌കൂളില്‍ വിട്ട് മടങ്ങുമ്പോഴാണ് വെങ്കട്ട രത്‌നത്തെ ഒരു സംഘം ആക്രമിച്ചത്. അടുത്തിടെ നടന്ന റിയല്‍ എസ്റ്റേറ്റ് തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലിസ് സംശയിച്ചത്. എന്നാല്‍, പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
കഴിഞ്ഞ 25 വര്‍ഷമായി വെങ്കട്ട രത്‌നത്തെ ചന്ദന്‍ സിങ് അന്വേഷിച്ചു വരുകയായിരുന്നു. കഴിഞ്ഞ മാസം കണ്ടെത്തി. തുടര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു. വെങ്കട്ട രത്‌നം സ്‌കൂട്ടറില്‍ വരുമ്പോള്‍ ഓട്ടോയിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കൊല കഴിഞ്ഞ് രക്ഷപ്പെടുന്നതിന് മുമ്പ് രണ്ടു തവണ വെടിവയ്പുമുണ്ടായി. സംഭവത്തില്‍ ചന്ദന്‍സിങിന് പുറമെ മറ്റു അഞ്ചുപേരെയും അറസ്റ്റ് ചെയ്തു. ഇവര്‍ ചന്ദന്‍ സിങിന്റെ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരാണ്. ടാക്‌സി ഡ്രൈവറായിരുന്ന തന്റെ പിതാവിനെ 1999ല്‍ പോലിസ് വെടിച്ചു കൊന്നെന്നും അതിന് സഹായിച്ചത് വെങ്കട്ട രത്‌നമാണെന്നും ചന്ദന്‍സിങ് പോലിസിനോട് പറഞ്ഞു.
