''വീട്ടുചെലവിന്റെ കണക്ക് ചോദിക്കുന്നത് ക്രൂരതയല്ല'' ഭര്‍ത്താവിനെതിരായ ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി സുപ്രിംകോടതി

Update: 2025-12-21 03:46 GMT

ന്യൂഡല്‍ഹി: വീട്ടുചെലവിന്റെ കണക്ക് സൂക്ഷിക്കണമെന്ന ഭര്‍ത്താവിന്റെ നിര്‍ദേശത്തെ ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രിംകോടതി. ഹൈദരാബാദ് സ്വദേശിയായ ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതി റദ്ദാക്കിയാണ് സുപ്രിംകോടതി നിര്‍ദേശം. വിദേശത്തുള്ള ഭര്‍ത്താവ് മാതാപിതാക്കള്‍ക്കും സഹോദരനുമാണ് പണം അയക്കുന്നതെന്നും അതിന്റെ കണക്ക് തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും ആരോപിച്ചാണ് ഭാര്യ പരാതി നല്‍കിയിരുന്നത്. കുടുംബത്തില്‍ ഭര്‍ത്താവിനുള്ള സാമ്പത്തികമായി ഉയര്‍ന്ന സ്ഥാനത്തെ ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. വീട്ടിലെ സാമ്പത്തിക കാര്യങ്ങളില്‍ പുരുഷന്‍ മേല്‍ക്കൈ നേടുന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ സാധാരണമാണ്. അതിനെ ക്രിമിനല്‍ കേസായി കാണാനാവില്ല. വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ ഇത്തരം കേസുകള്‍ ഉപയോഗിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഈ കേസിലെ ഭാര്യയും ഭര്‍ത്താവും യുഎസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായിരുന്നു. 2016ല്‍ വിവാഹത്തിന് ശേഷം ഇരുവരും യുഎസിലെ മിഷിഗനിലാണ് താമസിച്ചിരുന്നത്. 2019ല്‍ ഒരു ആണ്‍കുട്ടി പിറന്നു. അതിനുശേഷം ഭാര്യ ഇന്ത്യയിലേക്ക് മടങ്ങി. വിവാഹബന്ധം ഉറപ്പിക്കാനായി 2022ല്‍ ഭര്‍ത്താവ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഭാര്യ ഭര്‍ത്താവിനും കുടുംബത്തിനും എതിരേ കേസ് കൊടുത്തു. ഭര്‍ത്താവ് മാതാപിതാക്കള്‍ക്ക് പണം അയക്കുന്നു, വീട്ടുചെലവുകളുടെ കണക്ക് ചോദിക്കുന്നു, ഗര്‍ഭകാലത്ത് പരിചരിച്ചില്ല, പ്രസവാനന്തര ഭാരത്തെക്കുറിച്ചുള്ള പരിഹാസം എന്നിവയായിരുന്നു ആരോപണങ്ങള്‍. ഈ കേസ് റദ്ദാക്കാന്‍ ഭര്‍ത്താവ് ഹരജി നല്‍കിയെങ്കിലും തെലങ്കാന ഹൈക്കോടതി അനുവദിച്ചില്ല. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഭാര്യയുടെ ആരോപണങ്ങള്‍ സത്യമാണെങ്കില്‍ പോലും, ഐപിസി സെക്ഷന്‍ 498എ പ്രകാരം 'ക്രൂരതയായി വര്‍ഗ്ഗീകരിക്കാന്‍ കഴിയില്ല' എന്ന് സുപ്രിംകോടതി പറഞ്ഞു. വിവാഹബന്ധത്തിലെ പൊതുവായ തേയ്മാനമാണ് ഇതെന്നും കോടതി നിരീക്ഷിച്ചു.