വിവാഹമോചന ഹരജി പിന്‍വലിച്ചില്ല; ഭാര്യയുടെ വീടിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത് യുവാവ്

Update: 2025-01-24 02:28 GMT

ബംഗളൂരു: വിവാഹമോചന ഹരജി പിന്‍വലിക്കാന്‍ വിസമ്മതിച്ച ഭാര്യയുടെ വീടിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത് യുവാവ്. ബംഗളൂരുവിലെ നഗര്‍ഭവി പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം. ടാക്‌സി ഡ്രൈവറായ മഞ്ജുനാഥ് എന്ന 39കാരനാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. 2013ല്‍ വിവാഹിതരായ ഇവര്‍ക്ക് ഒമ്പതുവയസുള്ള ആണ്‍കുട്ടിയുണ്ട്.

അഭിപ്രായവ്യത്യാസം മൂലം കഴിഞ്ഞ രണ്ടുവര്‍ഷമായി ഇരുവും വേര്‍പിരിഞ്ഞുകഴിയുകയായിരുന്നു. പിന്നീട് ഇരുവരും കോടതിയില്‍ വിവാഹമോചന ഹരജി നല്‍കി. എന്നാല്‍, പുനരാലോചനയ്ക്ക് ശേഷം മഞ്ജുനാഥ് ഹരജി പിന്‍വലിച്ചു. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കുന്നത് സംസാരിക്കാന്‍ ഭാര്യയുടെ വീട്ടിലെത്തി. പക്ഷേ, ഹരജി പിന്‍വലിക്കില്ലെന്നാണ് ഭാര്യ അറിയിച്ചത്.ഇതോടെ പുറത്തുപോയ മഞ്ജുനാഥ് ഒരു കാന്‍ പെട്രോളുമായി തിരികെയെത്തി ശരീരത്തില്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തില്‍ ഭാര്യക്കെതിരേ പോലിസ് കേസെടുത്തു.