ഭര്‍ത്താവിന് സ്‌നേഹമില്ലെന്ന് പറഞ്ഞ് യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-09-17 03:26 GMT

പാലക്കാട്: യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പൂച്ചിറ സ്വദേശി അനൂപ് (36) ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നടപടി. മാട്ടുമന്ത ചോളോട് സിഎന്‍ പുരം സ്വദേശിനി മീരയാണ് (32) ബുധനാഴ്ച രാവിലെ അനൂപിന്റെ വീട്ടില്‍ മരിച്ചത്. അനൂപിന്റെയും മീരയുടെയും രണ്ടാം വിവാഹമാണ്. ഒരു വര്‍ഷം മുമ്പാണ് വിവാഹം നടന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മീരയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മരണത്തിന്റെ തലേന്ന് ഭര്‍ത്താവുമായി പിണങ്ങി മീര മാട്ടുമന്തയിലെ വീട്ടിലെത്തിയിരുന്നു. അന്ന് രാത്രിതന്നെ അനൂപ് എത്തി മീരയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിറ്റേന്ന് രാവിലെയാണ് അടുക്കളഭാഗത്തെ വര്‍ക്ക് ഏരിയയിലെ സീലിങ്ങില്‍ മീരയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ അനൂപിന്റെ വീട്ടില്‍നിന്ന് മീരയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. അനൂപിന് തന്നോടും കുഞ്ഞിനോടും സ്‌നേഹം കുറഞ്ഞെന്നും പരിഗണിക്കുന്നില്ലെന്നും പ്രതീക്ഷിച്ച ജീവിതമല്ല കിട്ടിയതെന്നുമായിരുന്നു കുറിപ്പിലെ ആരോപണം.