അഹമ്മദാബാദില്‍ നൂറുകണക്കിന് മുസ്‌ലിം വോട്ടര്‍മാരെ മരിച്ചതായി പ്രഖ്യാപിച്ചു

Update: 2026-01-20 09:00 GMT

അഹമദാബാദ്: ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ (എസ്ഐആര്‍) പ്രക്രിയയില്‍ അഹമ്മദാബാദിലെ ജമാല്‍പൂര്‍ അസംബ്ലിയിലെ നൂറുകണക്കിന് മുസ്‌ലിം വോട്ടര്‍മാരെ 'മരിച്ചതായി' പ്രഖ്യാപിക്കുകയും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ജീവിച്ചിരിപ്പുണ്ടായിരുന്നിട്ടും, എസ്ഐആര്‍ ഫോമുകള്‍ പൂരിപ്പിച്ചിട്ടും, പ്രാരംഭ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടും, തങ്ങളുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടതായി നിരവധി പേര്‍ റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മൈനോറിറ്റി കോര്‍ഡിനേഷന്‍ കമ്മിറ്റി ചീഫ് ഇലക്ഷന്‍ ഓഫിസര്‍ക്ക് പരാതി നല്‍കി. ജമാല്‍പൂര്‍ മണ്ഡലത്തിലെ വാര്‍ഡ് 19ലെ അറബ് ഫാരിദ് മിയാന്‍ എന്ന യുവാവ് മരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. 21ാം വാര്‍ഡിലെ റഫീഖ് ശെയ്ഖിനെതിരെയും മറ്റൊരു വാര്‍ഡിലെ വോട്ടര്‍ പരാതി നല്‍കി. ഇത്തരം പരിപാടികള്‍ വ്യാപകമായതോടെ അഹമദാബാദിലെ മിര്‍സാപൂരില്‍ മുസ്‌ലിം സമുദായം പ്രതിഷേധിച്ചു. മുസ് ലിം പ്രദേശങ്ങളില്‍ ഫോം നമ്പര്‍ ഏഴ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായി മൈനോറിറ്റി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുജാഹിദ് നഫീസ് പറഞ്ഞു. ചില ബൂത്ത് ലെവല്‍ ഓഫിസര്‍മാരാണ് വിവരം നല്‍കിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.