കൊല്‍ക്കത്ത: 'ഐ ലവ് ബാബരി മസ്ജിദ്' ടീഷര്‍ട്ടുമായി ഹുമായൂണ്‍ കബീര്‍ എംഎല്‍എ. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലെ ബെല്‍ദാംഗയില്‍ ഡിസംബര്‍ ആറിന് 'ബാബരി' മസ്ജിദിന് തറക്കല്ലിട്ടതിന് പിന്നാലെയാണ് പുതിയ ടിഷര്‍ട്ട് ഇറക്കിയത്. മുര്‍ഷിദാബാദിലെ വിവിധഭാഗങ്ങളിലെ കടകളില്‍ ഇതിന്റെ വില്‍പനയും ആരംഭിച്ചു. 150 രൂപയ്ക്കാണ് ഇത് വില്‍ക്കുന്നത്. ചില ടിഷര്‍ട്ടുകളില്‍ ഹുമായൂണ്‍ കബീറിന്റെ പേരും എഴുതിയിട്ടുണ്ട്. എന്നാല്‍, ബാബരി മസ്ജിദിന്റെ ചിത്രമുള്ള ടീഷര്‍ട്ട് വില്‍ക്കുന്നതിനെതിരേ ജംഇയ്യത്ത് ദവാത്തുല്‍ മുസ്‌ലിമീന്‍ രക്ഷാധികാരി ഖാരി ഇഷാഖ് ഗോര രംഗത്തെത്തി. ചിലര്‍ ബാബറിനെ ഇല്ലാതാക്കാനും ചിലര്‍ ബാബറുടെ പേരില്‍ രാഷ്ട്രീയം കളിക്കാനും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ നൂറ്റാണ്ടുകളായി നിലകൊണ്ട ബാബരി മസ്ജിദ് 1992 ഡിസംബര്‍ ആറിനാണ് ഹിന്ദുത്വര്‍ പൊളിച്ചത്. അതു കൊണ്ടാണ് ഡിസംബര്‍ ആറിന് മുര്‍ഷിദാബാദില്‍ 'ബാബരി' മസ്ജിദിന് കല്ലിട്ടതെന്നാണ് ഹുമായൂണ്‍ കബീര്‍ പറയുന്നത്.