സിപിഎം മുന്‍ നേതാവിന്റെ ഭൂമിയില്‍ അസ്ഥികള്‍ കണ്ടെത്തി; അന്വേഷണം വേണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസിലെ മുന്‍ സിപിഎം നേതാവിന്റെ ഭൂമിയില്‍ കുഴിച്ചപ്പോള്‍ അസ്ഥികള്‍ കണ്ടെത്തി. അശോക് നഗര്‍ പ്രദേശത്തെ പ്രമുഖ സിപിഎം നേതാവായിരുന്ന ബിജന്‍ മുഖര്‍ജിയുടെ വീട് നിന്നിരുന്ന സ്ഥലത്ത് നിന്നാണ് അസ്ഥികള്‍ കണ്ടെത്തിയത്. 1980കള്‍ മുതല്‍ 2011 വരെ പ്രദേശത്തെ പ്രമുഖ ഗുണ്ടയായിരുന്നു ബിജന്‍ മുഖര്‍ജിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ഇക്കാലയളവില്‍ പ്രദേശത്തെ വിവിധ പാര്‍ട്ടികളുടെ നേതാക്കളെ കാണാതായിട്ടുണ്ട്. അവരെ കൊലപ്പെടുത്തി കുഴിച്ചിട്ടതിന്റെ അവശിഷ്ടങ്ങളാവാം അസ്ഥികളെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 2002ല്‍ പ്രദേശത്തെ ഒരു വാട്ടര്‍ ടാങ്കില്‍ നിന്നും ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ നാരായണ്‍ ഗോസ്വാമി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷമേ കാര്യങ്ങള്‍ വ്യക്തമാവൂയെന്ന് പോലിസ് അറിയിച്ചു. വിഷയത്തില്‍ സിപിഎം പ്രതികരിച്ചിട്ടില്ല.