നെതന്യാഹു ഗസയിലേക്ക് അയച്ച കൊലയാളിക്കെതിരെ തെളിവ് നല്‍കി ഹിന്ദ് റജബ് ഫൗണ്ടേഷന്‍

ബെല്‍ജിയം: ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗസയിലേക്ക് അയച്ച കൊലയാളിയുടെ വിവരങ്ങള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സമര്‍പ്പിച്ചു. ബെല്‍ജിയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിന്ദ് റജബ് ഫൗണ്ടേഷനാണ് ഇസ്രായേലി സൈന്യത്തിലെ ബ്രിഗേഡിയര്‍ ജനറലായ യെഹൂദ വാച്ചിന്റെ വിവരങ്ങള്‍ കോടതിയില്‍ നല്‍കിയത്.
വടക്കന്‍ ഗസയേയും തെക്കന്‍ ഗസയേയും വേര്‍തിരിക്കാന്‍ ഇസ്രായേലി സൈന്യം രൂപീകരിച്ച നെറ്റ്‌സാരിം ഇടനാഴിയിലെ കൊലയാളിയാണ് ഇയാളെന്ന് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. നെറ്റ്‌സാരിം ഇടനാഴിയെ ഇയാള്‍ കൊലക്കളമാക്കി മാറ്റി. ഇടനാഴിയിലേക്ക് കടക്കുന്നവരെ വെടിവച്ചു കൊല്ലുന്നതാണ് ഇസ്രായേലി സൈന്യത്തിന്റെ രീതി. യെഹൂദ വാച്ചിന്റെ നിര്‍ദേശപ്രകാരം സൈന്യം കൊലപ്പെടുത്തിയ രണ്ടു ഫലസ്തീനി കുട്ടികളുടെ കുടുംബത്തിന്റെ സത്യവാങ്മൂലവും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. തുര്‍ക്കിഷ്-ഫലസ്തീന്‍ ഫ്രണ്ട്ഷിപ്പ് ആശുപത്രിക്ക് നേരെ മാര്‍ച്ച് 21ന് ആക്രമണം നടത്തിയത് ഇയാളുടെ സംഘമാണ്. ഐക്യരാഷ്ട്ര സഭയുടെ ജീവനക്കാര്‍ അടക്കം 15 ഡോക്ടര്‍മാരെ മാര്‍ച്ച് 23ന് കൊലപ്പെടുത്തിയതില്‍ ഇയാള്‍ക്ക് പങ്കുണ്ട്.
യെഹൂദ വാച്ചിന്റെ സഹോദരന്‍മാരായ കേണല്‍ ഗോലാന്‍ വാച്ച്, കാപ്റ്റന്‍ എലിഷാവ് വാച്ച് എന്നിവര്‍ ഇസ്രായേലി സൈന്യത്തില്‍ പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചു.


വംശഹത്യ നടത്തുന്ന ആദ്യ കുടുംബം എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. വംശഹത്യക്കെതിരായ റോം നിയമത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേര്‍ക്കുമെതിരെ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിക്കണമെന്നാണ് ഹിന്ദ് റജബ് ഫൗണ്ടേഷന്റെ ആവശ്യം. യെഹൂദ വാച്ച് ഒരു യുദ്ധക്കുറ്റവാളി മാത്രമല്ലെന്നും നെതന്യാഹു അയച്ച കൊലയാളിയാണെന്നും ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി.