ഇസ്രായേലിലെ നഹാല്‍ സൈനികത്താവളം പിടിച്ചത് 65 ഫലസ്തീനികളെന്ന് അന്വേഷണ റിപോര്‍ട്ട്
തെല്‍അവീവ്: തൂഫാനുല്‍ അഖ്‌സയില്‍ ഇസ്രായേലിലെ നഹാല്‍ ഒഇസെഡ് സൈനികത്താവളം പിടിച്ചത് 65 ഫലസ്തീനികളെന്ന് അന്വേഷണ റിപോര്‍ട്ട്. ഗസയില്‍ നിന്നും 850 മീറ്റര്‍ മാത്രം അകലെയുള്ള ഈ സൈനികത്താവളത്തിലേക്ക് 65 ഫലസ്തീനികളാണ് 2023 ഒക്ടോബര്‍ ഏഴിന് ആദ്യമെത്തിയതെന്ന് ഇസ്രായേലി സൈന്യത്തിന്റെ അന്വേഷണ റിപോര്‍ട്ട് പറയുന്നു. സംഭവസമയത്ത് 162 ഇസ്രായേലി സൈനികര്‍ താവളത്തിലുണ്ടായിരുന്നു. പക്ഷേ, ഇവര്‍ക്കാര്‍ക്കും ഫലസ്തീനികളെ തടയാനായില്ല. 53 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിന് ശേഷമാണ് കൂടുതല്‍ ഫലസ്തീനികള്‍ സൈനികത്താവളത്തില്‍ എത്തിയത്. അവര്‍ പത്തു ഇസ്രായേലികളെ അറസ്റ്റ് ചെയ്ത് ഗസയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
നഹാല്‍ സൈനികത്താവളത്തെ കുറിച്ച് ഹമാസിന് നല്ല ധാരണയുണ്ടായിരുന്നതായി അന്വേഷണറിപോര്‍ട്ട് പറയുന്നു. ഡ്രോണുകള്‍ വഴി ശേഖരിച്ച വിവരങ്ങളെയും ഇസ്രായേലി സൈനികരുടെ സോഷ്യല്‍മീഡിയയില്‍ നിന്നുള്ള വിവരങ്ങളെയുമാണ് ഹമാസ് ആശ്രയിച്ചത്.
2023 ഒക്ടോബര്‍ ഏഴിന് പുലര്‍ച്ചെ നാലിന് ഗസയിലെ സുരക്ഷാവേലിയില്‍ എന്തോ തട്ടിയെന്ന് ഇസ്രായേലി സൈനികര്‍ക്ക് വിവരം ലഭിച്ചു. ഇതോടെ പട്രോളിങ് തുടങ്ങാനിരിക്കെയാണ് മിസൈല്‍ വര്‍ഷം ഉണ്ടായത്. ആയിരത്തോളം മിസൈലുകളാണ് പ്രദേശത്തേക്ക് എത്തിയത്. 6.29ന് രണ്ട് ഹമാസ് സ്‌ക്വോഡുകള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് സുരക്ഷാവേലികള്‍ പൊളിച്ചു. രണ്ടു സ്ഥലത്താണ് വേലികള്‍ പൊളിച്ചത്. അതിന് ശേഷമാണ് സൈനികത്താവളത്തിന് നേരെ ആക്രമണമുണ്ടായതെന്നും അന്വേഷണ റിപോര്‍ട്ട് പറയുന്നു.
അതേസമയം, കിബ്ബുറ്റ്‌സ് കഫാര്‍ പ്രദേശം പിടിക്കാന്‍ ഫലസ്തീനികള്‍ക്ക് ഒരു മണിക്കൂര്‍ മാത്രമേ വേണ്ടി വന്നുള്ളൂ എന്നും അന്വേഷണ റിപോര്‍ട്ട് പറയുന്നു. ഇവരെ കണ്ടതോടെ നിരവധി ഇസ്രായേലി സൈനികര്‍ ഓടിരക്ഷപ്പെട്ടു. 62 ജൂതന്‍മാരാണ് അന്ന് പ്രദേശത്ത് കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ച് സൈനികരും ഒരു രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനും 18 പോലിസുകാരും ഉള്‍പ്പെടുന്നു. 19 പേരെ ഹമാസ് കസ്റ്റഡിയില്‍ എടുത്ത് ഗസയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
