തെഹ്‌റാന്‍: ഇസ്രായേലിന്റെ സൈബര്‍ ആസ്ഥാനമായി അറിയപ്പെടുന്ന ബീര്‍ അല്‍ സാബെക്ക് നേരെയുള്ള ഇറാന്റെ ആക്രമണത്തിന് ഏറെ സൈനിക പ്രാധാന്യമുണ്ടെന്ന് വിലയിരുത്തല്‍. ഗസ, ലബ്‌നാന്‍, യെമന്‍ തുടങ്ങി വിവിധ പ്രദേശങ്ങളെ ആക്രമിക്കാന്‍ സയണിസ്റ്റുകളെ സഹായിക്കുന്ന നിരവധി സ്ഥാപനങ്ങളാണ് ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, തന്നെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങളാണ് ഈ പ്രദേശത്ത് സ്ഥാപിച്ചിരുന്നത്. അവയെ എല്ലാം മറികടന്നാണ് ഇറാന്റെ മിസൈലുകള്‍ പതിച്ചത്.
ബെന്‍ ഗുരിയോണ്‍ സര്‍വകലാശാലക്ക് സമീപം സ്ഥിതി ചെയ്യുന്ന ബീര്‍ അല്‍ സാബെയിലെ അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് പാര്‍ക്കിലാണ് സൈബര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇസ്രായേലി സൈന്യവുമായി സഹകരിച്ച് ഐബിഎം, പേയ്പാല്‍, ഒറാക്കിള്‍ തുടങ്ങിയ കമ്പനികളും അവിടെ പ്രവര്‍ത്തിക്കുന്നു. ലോകമെമ്പാടുമുള്ള സര്‍ക്കാരുകളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കാന്‍ ഉപയോഗിച്ച പെഗാസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മിക്കുന്ന എന്‍എസ്ഒ കമ്പനിയും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ ഇസ്രായേലി സൈന്യത്തിന്റെ സൈബര്‍ ഇന്റലിജന്‍സ്-നിരീക്ഷണ വിഭാഗമായ യൂണിറ്റ് 8200ഉം അവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഹാക്കിംഗ്, ചാരവൃത്തി, ആക്രമണാത്മക ഡിജിറ്റല്‍ കാമ്പെയ്നുകള്‍ എന്നിവ യൂണിറ്റ് 8200 ആണ് നടത്തുന്നത്. വിവിധ പ്രദേശങ്ങളില്‍ കുടിയേറ്റം നടത്താനും ആക്രമണം നടത്താനും മറ്റും ഇസ്രായേലി സൈന്യം ഉപയോഗിക്കുന്ന പ്രധാന കേന്ദ്രം കൂടിയാണിത്. ഗസയിലെ ഹമാസ്, ലബ്‌നനിലെ ഹിസ്ബുല്ല തുടങ്ങിയ പ്രതിരോധ പ്രസ്ഥാനങ്ങളുടെ ആശയവിനിമയവും പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്താനും ഇവിടെ നിന്നാണ് ശ്രമങ്ങള്‍ നടക്കുന്നത്.
ഇസ്രായേലിന്റെ സൈബര്‍ ഗവേഷണത്തില്‍ ബെന്‍-ഗുരിയോണ്‍ സര്‍വകലാശാല നിര്‍ണായക പങ്ക് വഹിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന ആക്രമണാത്മക സൈബര്‍ കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ ഈ സര്‍വകലാശാലക്ക് പങ്കുണ്ട്. മുന്‍കാലങ്ങളിലെ ഇസ്രായേല്‍ ഭരണകൂടങ്ങള്‍ ബീര്‍ അല്‍-സാബെയില്‍ ഗണ്യമായ നിക്ഷേപം നടത്തി. ലോകത്തെ വിവിധ കമ്പനികളെ അവിടെ സ്ഥാപിച്ചു.
2009-2010ല്‍, അമേരിക്കയുമായി ചേര്‍ന്ന് ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ഇസ്രായേല്‍ സൈബര്‍ ആക്രമണം നടത്തി. ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തിലുള്ള ആണവകേന്ദ്രത്തിലാണ് ആക്രമണം നടത്തിയത്. പിന്നീട് ഇറാനിയന്‍ തുറമുഖങ്ങള്‍, ഇന്ധന വിതരണ ശൃംഖലകള്‍, റെയില്‍വേ സംവിധാനങ്ങള്‍ എന്നിവയില്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തി. ഈ ചരിത്രമെല്ലാം നോക്കുമ്പോള്‍ ബീര്‍ അല്‍-സാബെയില്‍ വെള്ളിയാഴ്ച നടന്ന ഇറാനിയന്‍ മിസൈല്‍ ആക്രമണം സ്വാഭാവികവും തന്ത്രപരവുമാണെന്ന് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.
