ഇനി ഇസ്രായേലി കപ്പലുകളെ മാത്രം ലക്ഷ്യമിടുമെന്ന് ഹൂത്തികള്‍

Update: 2025-01-20 16:58 GMT

സന്‍ആ: ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ ചെങ്കടലിലും ഏഥന്‍ കടലിടുക്കിലും യുഎസ്-ബ്രിട്ടീഷ് കപ്പലുകളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുകയാണെന്ന് യെമനിലെ ഹൂത്തികള്‍. ഇനി മുതല്‍ യുഎസ്-ബ്രിട്ടീഷ് പതാകകള്‍ വഹിക്കുന്ന കപ്പലുകളെ ആക്രമിക്കില്ലെന്നും ഇസ്രായേലി കപ്പലുകളെ മാത്രമായിരിക്കും ആക്രമിക്കുകയെന്നും ഹൂത്തികള്‍ അറിയിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. സന്‍ആ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എച്ച്ഒഒസി എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇവരാണ് ഹൂത്തികളുമായും ഷിപ്പിങ് കമ്പനികളുമായും ചര്‍ച്ചകള്‍ നടത്തുന്നത്.

യെമനെതിരേ യുഎസ്, യുകെ, ഇസ്രായേല്‍ അധിനിവേശ സ്ഥാപനം എന്നിവയില്‍ നിന്ന് എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ ഉപരോധങ്ങള്‍ പുന:സ്ഥാപിക്കുമെന്നും ഹൂത്തികള്‍ അറിയിച്ചു. ഗസയിലെ വെടിനിര്‍ത്തല്‍ പൂര്‍ണമായും പ്രാബല്യത്തിലായാല്‍ ഇസ്രായേലി കപ്പലുകളെ ആക്രമിക്കുന്നത് താല്‍ക്കാലികമായി ഒഴിവാക്കും.

ഫലസ്തീന്‍ വിജയം നേടുന്നതുവരെ യെമന്‍ അവരോടൊപ്പം നിന്നുവെന്ന് ഹൂത്തികളുടെ പരമോന്നത നേതാവായ സയ്യിദ് അബ്ദുല്‍ മാലിക് അല്‍ഹൂത്തി പറഞ്ഞു. '' മുഴുവന്‍ ഫലസ്തീനും സ്വതന്ത്രമാക്കപ്പെടുന്നതുവരെ ഞങ്ങള്‍ ഫലസ്തീനോടും പോരാളികളോടും ഒപ്പം തുടരും. ഗസയ്‌ക്കെതിരേ ഇസ്രായേല്‍ എന്തെങ്കിലും ചെയ്താല്‍ യെമന്‍ ശക്തമായി പ്രതികരിക്കും. ഫലസ്തീന്‍ ഒറ്റയ്ക്കല്ല. ഫലസ്തീന്‍ ഒറ്റയ്ക്കാവില്ല. സയണിസ്റ്റുകളില്‍ നിന്നും ഫലസ്തീന്‍ സ്വതന്ത്രമാവുന്നതുവരെ കൂടെയുണ്ടാവും.'' -അദ്ദേഹം പറഞ്ഞു.

കൃത്യതയുള്ള മിസൈലുകള്‍ കൊണ്ട് സായുധരായ ഒരു ജനതയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ഹൂത്തികളുടെ സൂപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ അംഗമായ മുഹമ്മദ് അലി അല്‍ഹൂത്തിയും പറഞ്ഞു.


Tags: