
വാഷിങ്ടണ്‍: യെമനിലെ അന്‍സാര്‍ അല്ലാഹ് (ഹൂത്തി) പ്രസ്ഥാനത്തെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ് ഭരണകൂടം. ചെങ്കടലില്‍ യുഎസ് പടക്കപ്പലുകളെ ആക്രമിച്ച ഹൂത്തികള്‍ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടിരിക്കുന്നത്.
''ഹൂത്തികളുടെ പ്രവര്‍ത്തനങ്ങള്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സഖ്യകക്ഷികളായ രാജ്യങ്ങളുടെയും സമുദ്രം വഴിയുള്ള വ്യാപാരത്തിന്റെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്. അതിനാല്‍ ഹൂത്തികളുടെ സൈനിക ശേഷിയും വിഭവങ്ങളും ഇല്ലാതാക്കാന്‍ പ്രദേശത്തെ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.''-വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.
ഹൂത്തികള്‍ക്ക് സാമ്പത്തികവും നയതന്ത്രപരവുമായ സഹായം നല്‍കുന്ന രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള ബന്ധം ഇതോടെ യുഎസിന് ഉപേക്ഷിക്കാം. ഈ രാജ്യങ്ങള്‍ക്കുള്ള സഹായവും തടയും.
2023ല്‍ ഇസ്രായേല്‍ ഗസയില്‍ അധിനിവേശം തുടങ്ങിയതോടെ ചെങ്കടലിലൂടെയും ഏഥന്‍ കടലിടുക്കിലൂടെയും ബാബ് അല്‍ മന്ദെബിലൂടെയും സഞ്ചരിക്കുന്ന ഇസ്രായേലി, യുഎസ്, യുകെ കപ്പലുകളെ ഹൂത്തികള്‍ ആക്രമിച്ചിരുന്നു. കൂടാതെ യുഎസിന്റെ പടക്കപ്പലുകളെയും ആക്രമിച്ചു. ഇതോടെ യുഎസ് കേന്ദ്രീകൃത ലോകവ്യാപാരക്രമത്തിന്റെ സ്ഥിരത നഷ്ടപ്പെട്ടു.
ഹൂത്തികളുടെ ആക്രമണങ്ങള്‍ തടയാന്‍ ബൈഡന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, ഹൂത്തി പ്രസ്ഥാനത്തിന്റെ നേതൃത്വത്തെ അക്കാലത്ത് യുഎസ് ഭരണകൂടം ലക്ഷ്യമിട്ടില്ല. യെമനിലെ മാനുഷികപ്രതിസന്ധി പരിഹരിക്കാന്‍ ഹൂത്തികളുടെ ഇടപെടല്‍ അനിവാര്യമാണെന്നാണ് യുഎസ് ഭരണകൂടം കണക്കുകൂട്ടിയത്.
ട്രംപിന്റെ ആദ്യഭരണകാലത്ത് ഹൂത്തികളെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിരുന്നു. എന്നാല്‍, ബൈഡന്‍ സര്‍ക്കാര്‍ ഇത് പിന്‍വലിച്ചു. പിന്നീട് സ്‌പെഷ്യലി ഡെസിഗ്‌നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി.
പുതിയ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് അറിയുന്നവരാണ് യുഎസ് ഭരണകൂടമെന്ന് ഓക്‌സ്ഫാം അമേരിക്കയുടെ സമാധാന സുരക്ഷാ ഡയറക്ടര്‍ സ്‌കോട്ട് പോള്‍ പറഞ്ഞു. യെമനില്‍ പട്ടിണിയും രോഗങ്ങളും പെരുകാന്‍ കാരണമാവുന്ന തീരുമാനമാണ് യുഎസ് എടുത്തിരിക്കുന്നത്. അവിടെ നടക്കുന്ന ഓരോ ദുരന്തത്തിനും യുഎസിന് ഉത്തരവാദിത്തമുണ്ട്.''-സ്‌കോട്ട് പോള്‍ വിശദീകരിച്ചു.
ഹൂത്തികളെ വിദേശഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടി ഹൂത്തികളുടെ സ്വഭാവത്തില്‍ യാതൊരുമാറ്റവുമുണ്ടാക്കില്ലെന്ന് മുന്‍ ട്രംപ് സര്‍ക്കാരിലെ കിഴക്കന്‍ രാജ്യങ്ങളുടെ സെക്രട്ടറിയായിരുന്ന ഡേവിഡ് ഷെങ്കര്‍ പറഞ്ഞു.